ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്‌ജു സാംസണിന്‍റെ പുറത്താവല്‍ ഏറെ വിവാദമായിരിക്കുകയാണ്. ഡല്‍ഹി ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം പിന്തുടരുകയായിരുന്ന രാജസ്ഥാനായി ഒറ്റയ്‌ക്ക് പൊരുതുകയായിരുന്ന സഞ്‌ജുവിനെ ലോങ് ഓണില്‍ ബൗണ്ടറി ലൈനില്‍ വച്ച് ഷായ് ഹോപ്പാണ് പിടികൂടിയത്. ക്യാച്ച് പൂര്‍ത്തിയാക്കുമ്പോള്‍ ഹോപിന്‍റെ കാല്‍ ബൗണ്ടറി ലൈനില്‍ തൊട്ടുവെന്ന് സംശയമുണ്ടായിരുന്നു.
എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ രാജസ്ഥാന്‍ നായകന് പവലിയനിലേക്ക് തിരികെ മടങ്ങേണ്ടി വന്നു. തേര്‍ഡ് അമ്പയറുടെ തീരുമാനം തെറ്റാണെന്ന് വാദിച്ച് ഏറെ പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഇക്കൂട്ടിത്തിലേക്ക് ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു. ക്യാച്ചെടുക്കുമ്പോള്‍ ഷായ് ഹോപ്പിന്‍റ കാല്‍ ബൗണ്ടറി ലൈനില്‍ തൊട്ടുവെന്നാണ് സിദ്ദു പറയുന്നത്.
"സഞ്ജു സാംസണെ പുറത്താക്കിയ തീരുമാനമാണ് കളി തന്നെ മാറ്റി മറിച്ചത്. ഇതില്‍ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ നിങ്ങൾ സൈഡ്-ഓൺ ആംഗിളിൽ നോക്കിയാൽ, രണ്ട് തവണ ബൗണ്ടറി ലൈനില്‍ സ്‌പര്‍ശിക്കുന്നതായി കാണം. അത് വളരെ വ്യക്തമായിരുന്നു. സഞ്‌ജുവിന്‍റെ പുറത്താവല്‍ അര്‍ഥമാക്കുന്നത് എന്തെന്നാല്‍, ഒന്നുകിൽ നിങ്ങൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ല. ഇനി ഉപയോഗിക്കുന്നുണ്ടെങ്കില്‍ സാങ്കേതികവിദ്യയ്ക്ക് പിഴവ് സംഭവിച്ചിരിക്കുന്നു എന്നാണ്"- നവ്‌ജ്യോത് സിങ് സിദ്ദു പറഞ്ഞു.
"ഷായ് ഹോപ്പിന്‍റെ കാല്‍ രണ്ട് തവണ ബൗണ്ടറി ലൈനിൽ തൊടുന്നുണ്ട്. ഇതിനുശേഷം ആരെങ്കിലും അത് ഔട്ട് ആണെന്ന് പറഞ്ഞാൽ, എനിക്ക് പറയാനുള്ളത് ഇതാണ്..., നോക്കൂ, ഞാൻ ഒരു നിഷ്പക്ഷ വ്യക്തിയാണ്,
ഞാന്‍ വ്യക്തമായി കണ്ടകാര്യമാണിത്. അതു നോട്ടൗട്ട് തന്നെയാണ്. നിയമം എന്തായാലും, എല്ലാവര്‍ക്കും അത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന കാര്യമാണ്. ചില തെളിവുകൾ വിശ്വസിക്കാതിരിക്കാൻ കഴിയില്ല.
അമ്പയർ മനപ്പൂർവം ചെയ്തതല്ല, ആരും തന്നെ തെറ്റുകാരുമല്ല. ഇതെല്ലാം കളിയുടെ ഭാഗമാണ്. എന്നാല്‍ മത്സരത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചത് സഞ്‌ജുവിന്‍റെ ആ പുറത്താവലാണ്" ഇന്ത്യയുടെ മുന്‍ ബാറ്റര്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: ഗ്രൗണ്ടില്‍ അമ്പയറോട് ചൂടായി, സഞ്ജുവിനെ ശിക്ഷിച്ച് ബിസിസിഐ - Sanju Samson BCCI Fine
46 പന്തില്‍ 86 റണ്‍സെടുത്താണ് സഞ്‌ജു പുറത്തായത്. എട്ട് ബൗണ്ടറികളും ആറ് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സഞ്‌ജുവിന്‍റെ ഇന്നിങ്‌സ്. മത്സരത്തില്‍ രാജസ്ഥാന്‍ 20 റണ്‍സിനാണ് തോല്‍വി വഴങ്ങിയത്. ഡല്‍ഹി നേടിയ 221 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് 201 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.