ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ബജ്‌രംഗ് പുനിയയെ സസ്പെന്‍ഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). മാര്‍ച്ചില്‍ സോനിപത്തില്‍ നടന്ന ഒളിമ്പിക്‌സ് യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായിട്ടുള്ള ട്രയല്‍സിന് ശേഷം യൂറിൻ സാമ്പിള്‍ നല്‍കാൻ വിസമ്മതിച്ചത് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ നാഡയുടെ നടപടി. സംഭവത്തില്‍ മെയ് ഏഴിനകം വിശദീകരണം നല്‍കാനും താരത്തിന് നാഡ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് മാസത്തില്‍ സോനിപത്തില്‍ നടന്ന ട്രയല്‍സില്‍ രോഹിത് കുമാറിനെതിരെ ബജ്‌രംഗ് പുനിയ പരാജയപ്പെട്ടിരുന്നു. തോല്‍വിക്ക് പിന്നാലെ സായ് കേന്ദ്രത്തില്‍ നിന്നും ഉത്തേജക മരുന്ന് പരിശോധനയ്‌ക്കായി യൂറിൻ സാമ്പിള്‍ നല്‍കാതെയാണ് താരം പുറത്തേക്ക് പോയത്. ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ഉദ്യോഗസ്ഥർ അദ്ദേഹത്തില്‍ നിന്നും സാമ്പിള്‍ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും താരം വിസമ്മതിക്കുകയായിരുന്നു.
ട്രയല്‍സിന് മുന്നോടിയായി റഷ്യയില്‍ ആയിരുന്നു പുനിയ പരിശീലനം നടത്തിയത്. അതേസമയം, നിലവിലെ സസ്‌പെൻഷൻ നടപടിയുടെ കാലാവധി കഴിയുന്നത് വരെ താരത്തിന് വരാനിരിക്കുന്ന ടൂര്‍ണമെന്‍റുകളും ട്രയല്‍സുകളും നഷ്‌ടമായേക്കും. കുറ്റാരോപണം വിചാരണയിൽ തുടരുകയാണെങ്കിൽ ഒളിമ്പിക്‌സിനുള്ള വരാനിരിക്കുന്ന ട്രയൽസിലും പങ്കെടുക്കുന്നതിൽ നിന്നും താരത്തെ വിലക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.