ധാക്ക (ബംഗ്ലാദേശ്): ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസ് പ്രതി ചേര്‍ത്തതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ രാജിയില്‍ കലാശിച്ച പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ഷാക്കിബിനെതിരേ കേസെടുത്തത്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്‍റെ മുൻ എംപിയാണ് ഷാക്കിബ് അൽ ഹസൻ. ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുൽ ഇസ്‍ലാമിന്‍റെ മകൻ റുബലാണ് വെടിയേറ്റു മരിച്ചത്.
ആഗസ്റ്റ് 5ന് റിങ് റോഡിൽ നടന്ന പ്രതിഷേധ റാലിക്കിടെ റൂബലിന്‍റെ നെഞ്ചിലും വയറിലും വെടിയേല്‍ക്കുകയായിരുന്നു. കേസിൽ ഷാക്കിബ് 28-ാം പ്രതിയും ബംഗ്ലാദേശി നടൻ ഫിർദൂസ് അഹമ്മദ് 55-ാം പ്രതിയുമാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള പ്രമുഖരും പ്രതിപ്പട്ടികയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 400-500 അജ്ഞാതർ ഉൾപ്പെട്ടതാണ് കേസ്.
ഷാക്കിബ് ഇപ്പോൾ ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാൻ പര്യടനത്തിലാണ്. യുണൈറ്റഡ് നേഷൻസ് ഹൈകമ്മീഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നതനുസരിച്ച്, പ്രക്ഷോഭത്തിനിടെ ജൂലൈ 16 നും ഓഗസ്റ്റ് 4 നും ഇടയിൽ 400-ലധികം പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. അതേസമയം ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 650 ലധികമാണെന്നും നിരവധി ആളുകളെ കാണാതാവുകയും ചെയ്‌തു. അവാമി ലീഗിന്‍റെ പതനത്തിനു ശേഷം പുതിയ ഇടക്കാല സർക്കാർ നിലവിൽ വന്നു. കൂടാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ (ബിസിബി) പ്രസിഡന്‍റായി മുൻ ബംഗ്ലാദേശ് താരം ഫാറൂഖ് അഹമ്മദ് ചുമതലയേറ്റു.
രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ പങ്കെടുക്കാൻ ഇടക്കാല സർക്കാർ ഷാക്കിബിന് അനുമതി നൽകി. ധാക്കയിൽ തനിക്കെതിരെ ഫയൽ ചെയ്‌ത രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചോ കൊലപാതക കേസിനെക്കുറിച്ചോ മുതിർന്ന ക്രിക്കറ്റ് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.