ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) പുത്തന്‍ സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് 22-ാണ് ഐപിഎല്‍ പൂരത്തിന്‍റെ കൊടിയേറ്റ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് ( Chennai Super Kings ) റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് (Royal Challengers Bangalore) എതിരാളി. ഇതോടെ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയുടെ മുന്‍ നായകന്മാരായ എംസ് ധോണിയും (MS Dhoni) വിരാട് കോലിയും (Virat Kohli) നേര്‍ക്കുനേര്‍ എത്തുന്നതിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്.
ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇപ്പോഴിതാ ആരാധകരില്‍ ഏറെ ആകാംക്ഷ നിറയ്‌ക്കുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണി. പുതിയ സീസണില്‍ പുത്തന്‍ റോളിലാണ് എത്തുക എന്നാണ് ആരാധകരുടെ തല അറിയിച്ചിരിക്കുന്നത്.
'പുതിയ സീസണിനും പുതിയ റോളിനും വേണ്ടി കാത്തിരിക്കാന്‍ വയ്യ.. കാത്തിരിക്കൂ' എന്ന് ഫെയ്‌സ്ബുക്കിലാണ് 42-കാരന്‍ കുറിച്ചിരിക്കുന്നത്. ഇതോടെ ധോണിയുടെ പുതിയ റോള്‍ എന്താണെന്ന അന്വേഷണമാണ് പ്രസ്‌തുത പോസ്റ്റിന്‍റെ കമന്‍റില്‍ ആരാധകര്‍ നടത്തുന്നത്. ധോണി നായക സ്ഥാനം ഒഴിയുമോയെന്ന ആശങ്കയാണ് പലരും പങ്കുവയ്‌ക്കുന്നത്.
എന്നാല്‍ ഒരു പക്ഷെ, ഓപ്പണറുടെ റോളില്‍ കളിക്കാനാവും താരം പദ്ധതിയിടുന്നതെന്നാണ് മറ്റുചിലര്‍ പറയുന്നത്. നിലവിലെ ഓപ്പണറായ ഡെവോണ്‍ കോണ്‍വേയ്‌ക്ക് (Devon Conway). പരിക്കേറ്റതാണ് ഇക്കൂട്ടരെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ അവസാനിച്ച ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്ക് ഇടെ ന്യൂസിലന്‍ഡ് താരമായ കോണ്‍വേയുടെ കൈവിരലിനാണ് പരിക്കേല്‍ക്കുന്നത്.
ഇതിന് ശസ്‌ത്രക്രിയക്ക് വിധേയനാകുന്ന താരത്തിന് എട്ട് ആഴ്‌ചകളോളം വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഐപിഎല്‍ 2024 സീസണിലെ ഏറിയ മത്സരങ്ങളും താരത്തിന് നഷ്‌ടമാവും. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കാണ് കോണ്‍വേയ്‌ക്കുള്ളത്.
16 മത്സരങ്ങളില്‍ നിന്നായി 672 റണ്‍സായിരുന്നു താരം നേടിയത്. 51.69 ശരാശരിയില്‍ ആറ് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെയായിരുന്നു കിവീസ് താരത്തിന്‍റെ മിന്നും പ്രകടനം. അതേസമയം രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇക്കുറി രണ്ട് ഘട്ടങ്ങളിലായാണ് ഐപിഎല്‍ അരങ്ങേറുന്നത്. ആദ്യ 15 ദിവസങ്ങളിലെ ഷെഡ്യൂളാണ് നിലവില്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: ധോണി ഇപ്പോഴത്തെ ധോണി ആയത് വര്‍ഷങ്ങള്‍ കൊണ്ടാണ്; ജുറെലിനെ കളിക്കാന്‍ അനുവദികൂവെന്ന് ഗാംഗുലി
ചെന്നൈ സ്‌ക്വാഡ്: എംഎസ് ധോണി (ക്യാപ്റ്റന്‍), മൊയിൻ അലി, ദീപക് ചഹാർ, ഡെവോൺ കോൺവേ, തുഷാർ ദേശ്‌പാണ്ഡെ, ശിവം ദുബെ, റുതുരാജ് ഗെയ്‌ക്‌വാദ്, രാജ്വർധൻ ഹംഗാർഗേക്കർ, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്, മുകേഷ് ചൗധരി, മതീഷ പതിരണ, അജിങ്ക്യ രഹാനെ, ഷെയ്ക് റഷീദ്, മിച്ചൽ സാന്‍റ്‌നർ, സിമർജീത് സിംഗ്, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, രച്ചിൻ രവീന്ദ്ര, ശാർദുൽ താക്കൂർ, ഡാരിൽ മിച്ചൽ, സമീർ റിസ്വി, മുസ്താഫിസുർ റഹ്മാൻ, അവനീഷ് റാവു.