റാഞ്ചി : എംഎസ് ധോണിയുടെ (MS Dhoni) അവസാന ഐപിഎല്‍ (IPL 2024) സീസണ്‍ ആയിരിക്കുമോ ഇത്?. ആരാധകരെ ഒന്നടങ്കം സംശയത്തിലാഴ്‌ത്തിയിരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന എംഎസ് ധോണിയുടെ ഏറ്റവും പുതിയ പരിശീലന ചിത്രം (MS Dhoni IPL Retirement). 2004-2005 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയപ്പോള്‍ ഉണ്ടായിരുന്ന ഹെയര്‍സ്റ്റൈലുമായി ധോണി നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിന്‍റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത് (MS Dhoni Practice).
മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും ധോണി ഐപിഎല്ലിനുള്ള പരിശീലനം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. മുടി നീട്ടി വളര്‍ത്തിയിരിക്കുന്ന ധോണി 'പ്രൈം സ്പോര്‍ട്‌സ്' എന്ന സ്റ്റിക്കര്‍ പതിപ്പിച്ച ബാറ്റുമായി നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് വൈറലാകുന്നത് (MS Dhoni New Bat Sticker). തന്‍റെ ബാല്യകാല സുഹൃത്തിന്‍റെ സ്പോര്‍ട്‌സ് ഷോപ്പിന്‍റെ പേര് പ്രൊമോട്ട് ചെയ്യുന്നതിനായാണ് അദ്ദേഹത്തിന്‍റെ കടയുടെ പേര് ധോണി ബാറ്റില്‍ പതിപ്പിച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
കരിയറിന്‍റെ തുടക്കത്തില്‍ സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച പിന്തുണകളെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുള്ള വ്യക്തിയാണ് എംഎസ് ധോണി. റാഞ്ചിയില്‍ സ്പോര്‍ട്‌സ് ഷോപ്പ് നടത്തുന്ന പരംജീത് സിങ്ങാണ് ധോണിക്ക് ആദ്യമായി ബാറ്റ് സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തി. ധോണിയുടെ ജീവിതകഥ ആസ്‌പദമാക്കി 2016ല്‍ പുറത്തിറങ്ങിയ 'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തില്‍ ഇക്കാര്യം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ആറാം കിരീടം തേടിയാണ് ഇത്തവണ ധോണി കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്. കാല്‍മുട്ടിനേറ്റ പരിക്കിന് ശസ്‌ത്രക്രിയക്ക് വിധേയനായ താരം പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ചാം കിരീടനേട്ടത്തിലേക്ക് എത്തിച്ച ശേഷമായിരുന്നു താന്‍ അടുത്ത സീസണിലും ഐപിഎല്‍ കളിക്കാനുണ്ടാകുമെന്ന് ധോണി അറിയിച്ചത്.
Also Read : "ധോണി ഫിറ്റ്, മൂന്ന് സീസൺ കൂടി കളിക്കും", ദീപക് ചഹാര്‍
2019 ഏകദിന ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഒരുവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത്. തുടര്‍ന്ന് ഐപിഎല്ലില്‍ സജീവമായിരുന്ന ധോണി 2021, 2023 സീസണുകളില്‍ ചെന്നൈയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. ബാറ്റിങ്ങില്‍ പഴയ മികവിലേക്ക് ഉയരാന്‍ സാധിച്ചില്ലെങ്കിലും ധോണിയുടെ പരിചയസമ്പത്തും നായക മികവുമാണ് കഴിഞ്ഞ സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ഗുണം ചെയ്‌തത്.