പാരിസ്: ഈ വര്‍ഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നാളെ (ഒക്‌ടോബര്‍ 29) അര്‍ധരാത്രി 12.30ന് പ്രഖ്യാപിക്കാനിരിക്കെ ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതുയുഗം പിറക്കുന്നു. അര്‍ജന്‍റൈൻ സൂപ്പര്‍താരം ലയണല്‍ മെസിയും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും ഇല്ലാത്ത ഒരു ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ദാന ചടങ്ങിനാണ് നാളെ പാരിസ് സാക്ഷ്യം വഹിക്കുക. 21 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുതാരങ്ങളുമില്ലാത്ത ബാലണ്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനം എത്തുന്നത്.
2003 മുതല്‍ എല്ലാ വര്‍ഷത്തെയും ബാലണ്‍ ഡി ഓര്‍ സാധ്യതാ പട്ടികയില്‍ സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ഇടംപിടിച്ചിരുന്നു. ഫുട്ബോള്‍ മൈതാനം അടക്കി വാഴുന്ന ഫുട്ബോള്‍ മിശിഹ എന്നറിയപ്പെടുന്ന മെസിക്ക് എട്ട് തവണ ബാലൺ ഡി ഓർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 വർഷങ്ങളിലാണ് മെസി പുരസ്‌കാരത്തിന് അർഹനായത്. അർജന്‍റീന ലോകകപ്പ് സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞവർഷവും ബാലൻ ഡി ഓർ പുരസ്‌കാരം മെസി നേടിയിരുന്നു. പോര്‍ച്ചുഗീസ് നായകന്‍ റൊണാള്‍ഡോയ്ക്ക് ആറ് തവണയും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
They're all here!
— Ballon d'Or (@ballondor) September 4, 2024
But... who should win it? #ballondor pic.twitter.com/SrkHBrJtuI
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2023 ഓഗസ്‌റ്റ് ഒന്ന് മുതൽ 2024 ജൂലൈ 31 വരെയുള്ള സീസണിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 2024 ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിക്കുക. ഇത്തവണ 30 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. റയൽ മാഡ്രിഡ് താരങ്ങളായ കിലിയൻ എംബാപ്പേ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, മാഞ്ചസ്‌റ്റര്‍ സിറ്റി താരം ഏർലിങ് ഹാലൻഡ്, റോഡ്രി, ബാഴ്‌സലോണയുടെ സ്‌പാനിഷ് യുവ താരം ലാമിൻ യമാൽ, ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്ൻ, അർജന്‍റീനയുടെ ലൗതാരോ മാർട്ടിനെസ്, എമി മാർട്ടിനെസ് എന്നിവർ പട്ടികയിലുണ്ട്. മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരത്തിന് അർജന്‍റീനയുടെ എമിലിയാനോ മാർട്ടിനസ്, റയൽ മാഡ്രിഡിന്‍റെ ആന്ദ്രേ ലുനിൻ, പിഎസ് ജി യുടെ ഇറ്റാലിയൻ ഗോൾ കീപ്പർ ഡോണരുമ, ഡിഗോ കോസ്‌റ്റ എന്നിവർ സാധ്യത പട്ടികയിലുണ്ട്.
The final touch! #ballondor pic.twitter.com/Rr3m6Jsaph
— Ballon d'Or (@ballondor) October 26, 2024
റയലിന്‍റെ കുന്തമുന വിനീഷ്യസ് ജൂനിയര്‍ ബാലണ്‍ ഡി ഓറില്‍ മുത്തമിടുമോ?
നാളെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെ പുരസ്‌കാരം സ്വന്തമാക്കാൻ ഏറെ സാധ്യതയുള്ള താരമായി ഫുട്‌ബോള്‍ ലോകം കാണുന്നത് റയലിന്‍റെ ബ്രസിലീല്‍ താരം വിനീഷ്യസ് ജൂനിയറിനെയാണ്. വിനീഷ്യസ് 39 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടുകയും 11 അസിസ്‌റ്റുകള്‍ നൽകുകയും ചെയ്‌തു. ലാലിഗ കിരീടവും 15-ാമത് ചാമ്പ്യൻസ് ലീഗ് കിരീടവും താരം സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഡോര്‍ട്ട് മുണ്ടിനെതിരെ ഗോള്‍ നേടിയ വിനീഷ്യസിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു. സ്പെയിൻ, മാഞ്ചസ്‌റ്റര്‍ സിറ്റി മിഡ്‌ഫീൽഡർ റോഡ്രി, ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്‌ഹാം എന്നിവരെ മറികടന്ന് വിനീഷ്യസ് അവാർഡ് നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
റോഡ്രിയും ബെല്ലിങ്‌ഹാമും ചില്ലറക്കാരല്ല
മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ സ്‌പെയിൻ മിഡ്‌ഫീൽഡർ റോഡ്രിയും പട്ടികയില്‍ മുൻപന്തിയില്‍ തന്നെയുണ്ട്. സിറ്റിയുടെ തുടർച്ചയായ നാലാമത്തെ പ്രീമിയർ ലീഗ് ട്രോഫി നേടുന്നതിൽ പ്രധാന പങ്കുവഹിച്ച റോഡ്രി, ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച കളിക്കാരനായി തെരഞ്ഞെടുത്തിരുന്നു. സ്പെയിനിനെ നാലാമത്തെ കിരീടമായ യൂറോപ കിരീടം ഉയർത്താനും താരം സുപ്രധാന പങ്കുവഹിച്ചിരുന്നു. അതേസമയം, മിന്നുന്ന അരങ്ങേറ്റത്തോടെ കരിയറിലെ ഏറ്റവും മികച്ച 19 ഗോളുകൾ നേടുകയും ഇംഗ്ലണ്ടിനെ യൂറോ 2024 ഫൈനലിലെത്തിക്കുകയും ചെയ്‌ത ജൂഡ് ബെല്ലിങ്‌ഹാമും ബാലണ്‍ ഡി ഓര്‍ സാധ്യതാ പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്.
Read Also: ഹാൻസി ഫ്ലിക്ക് 'മാജിക്ക്'; നഷ്‌ടപ്രതാപം വീണ്ടെടുക്കുന്ന ബാഴ്‌സലോണ