കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യൻ ടീമില്‍ അവസരം ലഭിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണിന് മികവ് കാട്ടാനായിരുന്നില്ല. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്താകുകയായിരുന്നു. മഹീഷ് തീക്ഷണയാണ് സഞ്ജുവിനെ ബൗള്‍ഡാക്കിയത്.
പരിക്കേറ്റ ഇന്ത്യൻ ടീം വൈസ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്‍റെ പകരക്കാരനായിട്ടായിരുന്നു സഞ്ജു പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. കിട്ടിയ അവസരം മുതലാക്കാൻ സാധിക്കാതെ വന്ന സഞ്ജുവിനെ പരമ്പരയിലെ അവസാന മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്ന് കണ്ടറിയണം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഗോള്‍ഡൻ ഡക്ക് ആയതോടെ ഒരു നാണക്കേടിന്‍റെ റെക്കോഡ് പട്ടികയിലും സഞ്ജു ഉള്‍പ്പെട്ടു.
ലങ്കയ്‌ക്കെതിരായ മത്സരത്തോടെ ടി20 ക്രിക്കറ്റില്‍ കൂടുതല്‍ പ്രാവശ്യം ഗോള്‍ഡൻ ഡക്കായിട്ടുള്ള മൂന്നാമത്തെ ഇന്ത്യൻ താരങ്ങളില്‍ ഒരാളായാണ് സഞ്ജു മാറിയത്. കരിയറില്‍ സഞ്ജുവിന്‍റെ രണ്ടാമത്തെ ഗോള്‍ഡൻ ഡക്ക് കൂടിയായിരുന്നു ഇത്. ഇന്ത്യൻ മുൻ ടി20 നായകൻ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ മുന്നില്‍.
ടി20 കരിയറില്‍ അഞ്ച് പ്രാവശ്യമാണ് രോഹിത് നേരിട്ട ആദ്യ പന്തില്‍ പുറത്തായത്. ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് രോഹിതിന് പിന്നില്‍. മൂന്ന് തവണയാണ് രണ്ട് താരങ്ങളും ഗോള്‍ഡൻ ഡക്കായത്. വിരാട് കോലി, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, തിലക് വര്‍മ എന്നിവരാണ് നാണക്കേടിന്‍റെ ഈ റെക്കോഡ് പട്ടികയില്‍ സഞ്ജു സാംസണിനൊപ്പം മൂന്നാം സ്ഥാനത്ത്.
അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
Also Read : മനു ഭാക്കറിന് ആദരം; മണല്‍ ശില്‍പ്പമൊരുക്കി സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായിക്