ധര്‍മ്മശാല: ഇന്ത്യയ്‌ക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് (India vs England). റാഞ്ചിയിലെ നാലാം ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമാണ് ഇംഗ്ലീഷ് ഇറങ്ങുന്നത്. ഒല്ലി റോബിൻസണിന് (Ollie Robinson ) പകരം മാർക്ക് വുഡ് (Mark Wood) ടീമിലേക്ക് തിരികെ എത്തി. ഇതോടെ ഇംഗ്ലീഷ് ബോളിങ് നിരയില്‍ രണ്ട് വീതം സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരും പേസര്‍മാരുമായി.
ജോ റൂട്ടിലൂടെ ഒരു അധിക സ്പിൻ ഒപ്ഷനും ടീമിന് ലഭിക്കും. ഹൈദരാബാദിലും രാജ്‌കോട്ടിലും കളിച്ച മാര്‍ക്ക് വുഡിന് 55.5 ശരാശരിയിൽ നാല് വിക്കറ്റുകളാണ് പരമ്പരയില്‍ വീഴ്‌ത്താന്‍ കഴിഞ്ഞിട്ടുള്ളത്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലീഷ് നിരയിലെ ഏക പേസറായിരുന്നു മാര്‍ക്ക് വുഡ്. എന്നാല്‍ വിക്കറ്റ് വീഴ്‌ത്താന്‍ കഴിയാതിരുന്ന താരത്തെ വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തി. മത്സരത്തില്‍ 106 റൺസിന് പരാജയപ്പെട്ടതോടെ രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിനായി സന്ദർശകർ വുഡിനെ തിരികെ എത്തിച്ചു.
മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സിലാണ് താരം നാല് വിക്കറ്റുകളും വീഴ്‌ത്തിയത്. നാലാം ടെസ്റ്റിൽ വീണ്ടും വുഡിനെ ഒഴിവാക്കി റോബിന്‍സണിന് ഇംഗ്ലണ്ട് അവസരം നല്‍കി. റാഞ്ചിയില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 58 റൺസ് നേടിയ റോബിൻസണിന് വിക്കറ്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല. ധര്‍മ്മശാലയില്‍ നാളെയാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോണി ബെയർസ്റ്റോ തന്‍റെ കരിയറിലെ 100-ാം ടെസ്റ്റിനാണ് ഇറങ്ങുന്നത്.
അതേസമയം നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ബെൻ സ്റ്റോക്‌സും സംഘവും പരമ്പര കൈവിട്ടിട്ടുണ്ട്. 3-1നാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ വിജയം നേടിയതിന് ശേഷമായിരുന്നു ഇംഗ്ലണ്ടിന് പരമ്പര നഷ്‌ടമാവുന്നത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് കൗവ്‌ലി, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ബെൻ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെൻ ഫോക്സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാർട്‌ലി , ഷോയ്‌ബ് ബഷീർ, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ (England playing XI).
ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ മത്സരത്തിന് മുന്നെയാവും പ്രഖ്യാപിക്കുക. റാഞ്ചിയിലെ നാലാം ടെസ്റ്റില്‍ കളിക്കാതിരുന്ന സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ സ്‌ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട്. പരമ്പരയില്‍ ഇതേവരെ തിളങ്ങാന്‍ കഴിയാത്ത രജത് പടിദാറിന് പകരം മലയാളി താരം ദേവ്‌ദത്ത് പടിക്കലിന് അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍റേയും 100-ാം ടെസ്റ്റാണിത്.
ALSO READ: സംസ്‌കാരമുള്ളവര്‍ക്കേ ബഹുമാനിക്കാന്‍ അറിയൂ ; അശ്വിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ താരം
ഇന്ത്യൻ പ്ലെയിങ് ഇലവന്‍ ഇവരില്‍ നിന്ന്: രോഹിത് ശർമ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (ഡബ്ല്യുകെ), കെഎസ് ഭരത് (ഡബ്ല്യുകെ), ദേവ്‌ദത്ത് പടിക്കൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.