രാജ്കോട്ട്: ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ (India vs England 3rd Test) ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ വിറപ്പിക്കുകയാണ് ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ് (Mark Wood). രാജ്കോട്ടില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയെ ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കാന്‍ മാര്‍ക്ക് വുഡിനായി. ആദ്യ സ്പെല്ലില് മികച്ച ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ (Yashasvi Jaiswal), മൂന്നാം നമ്പറിലെത്തിയ ശുഭ്മാന്‍ ഗില്‍ (Shubman Gill) എന്നിവരുടെ വിക്കറ്റുകളായിരുന്നു മാര്‍ക്ക് വുഡ് നേടിയത്.
വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ജയത്തില്‍ ഏറെ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളായിരുന്നു ഇവര്‍ ഇരുവരും. ഈ മത്സരത്തില്‍ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ മാര്‍ക്ക് വുഡിനായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ മാര്‍ക്ക് വുഡ് പന്ത് കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിക്കുന്നത്.
മാര്‍ക്ക് വുഡിന്റെ പേസിനും ബൗണ്‍സിനും മുന്നിലാണ് മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പതറേണ്ടി വന്നത്. ഷോട്ട് ബോളുകളെ അനായാസം നേരിടുന്ന ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയേയും ബൗണ്‍സര്‍ കൊണ്ട് ബുദ്ധിമുട്ടിക്കാന്‍ മാര്‍ക്ക് വുഡിനായി. ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്കെതിരെ തുടര്‍ച്ചയായി മാര്‍ക്ക് വുഡ് ബൗണ്‍സറുകള്‍ പരീക്ഷിച്ചിരുന്നു. അതില്‍ ഒരു പന്ത് ഇന്ത്യന്‍ നായകന്റെ ഹെല്‍മറ്റിന്റെ ഗ്രില്ലിലാണ് പതിച്ചത്. ഇതിന്റെ വീഡിയോ കാണാം...
അതേസമയം, രാജ്കോട്ടില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞടുത്ത ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 93-3 എന്ന നിലയിലാണ്. രോഹിത് ശര്‍മ (52), രവീന്ദ്ര ജഡേജ (24) എന്നിവരാണ് ക്രീസില്‍.
Also Read : അര്‍ധസെഞ്ച്വറിയുമായി രോഹിത്, കട്ടയ്ക്ക് കൂടെ നിന്ന് ജഡേജ; രാജ്കോട്ടില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു
ഇന്ത്യ പ്ലേയിങ് ഇലവൻ (India Playing XI For Rajkot Test) : രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന് (England playing XI for Rajkot Test): സാക്ക് ക്രോവ്ലി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പര്‍), റെഹാന് അഹമ്മദ്, ടോം ഹാര്‍ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്ഡേഴ്സണ്.