കൊല്‍ക്കത്ത : രഞ്‌ജി ട്രോഫി 2024 (Ranji Trophy 2024) സീസണോടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ബംഗാളിന്‍റെ സ്റ്റാര്‍ ബാറ്റര്‍ മനോജ് തിവാരി (Manoj Tiwary) അറിയിച്ചിരുന്നു. ബംഗാളിനൊപ്പമുള്ള 19 വര്‍ഷങ്ങള്‍ നീണ്ട യാത്രയാണ് ഇടങ്കയ്യന്‍ മധ്യനിര ബാറ്ററായ മനോജ് അവസാനിപ്പിച്ചിരിക്കുന്നത്. ആക്രമണോത്സുക ബാറ്റിങ്ങിന് പേരുകേട്ട മനോജ് തിവാരി ഇന്ത്യയ്‌ക്കായും കളിക്കാന്‍ ഇറങ്ങിയിരുന്നു.
2008 ഫെബ്രുവരിയില്‍ ഓസീസിനെതിരെ ബ്രിസ്ബേനില്‍ നടന്ന ഏകദിനത്തിലൂടെയാണ് മനോജ് തിവാരി അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ദേശീയ ടീമിനായി 12 ഏകദിനങ്ങളും മൂന്ന് ടി20കളിലും താരം കളിക്കാനിറങ്ങി. ഏകദിനത്തില്‍ 287 റണ്‍സും ടി20യില്‍ 15 റണ്‍സുമാണ് നേടാനായത്. 2011-ല്‍ ചെന്നൈയില്‍ വച്ച് നടന്ന ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് അപരാജിത സെഞ്ചുറി നേടി തിളങ്ങാന്‍ മനോജ് തിവാരിയ്‌ക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ 38-കാരന് കഴിഞ്ഞില്ല. ഇപ്പോഴിതാ അന്താരാഷ്‌ട്ര കരിയറില്‍ തനിക്ക് മതിയായ അവസരം ലഭിച്ചില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് മനോജ് തിവാരി. വിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയിട്ടും അടുത്ത മത്സരങ്ങളില്‍ തന്നെ എന്തുകൊണ്ട് പുറത്തിരുത്തിയെന്ന് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റനായ എംഎസ് ധോണിയോട് (MS Dhoni) ചോദിക്കാന്‍ ആഗ്രഹിക്കുന്നതായും മനോജ് തിവാരി പറഞ്ഞു.
"2011-ൽ സെഞ്ചുറി നേടിയതിന് ശേഷം പ്ലെയിങ് ഇലവനിൽ നിന്ന് എന്നെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് ധോണിയോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രോഹിത് ശർമ്മയെയും (Rohit Sharma) വിരാട് കോലിയെയും (Virat Kohli) പോലെ ഒരു ബാറ്റിങ് ഹീറോ ആകാനുള്ള കഴിവ് എനിക്കുണ്ടായിരുന്നു.
പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. നിരവധി താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നത് ഇന്ന് ടിവിയില്‍ കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു"- മനോജ് പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 148 മത്സരങ്ങളില്‍ 47.86 ശരാശരിയില്‍ 10195 റണ്‍സ് അടിച്ച് കൂട്ടാന്‍ മനോജിന് കഴിഞ്ഞിട്ടുണ്ട്. 30 സെഞ്ചുറികള്‍ ഉള്‍പ്പെടെയാണ് താരത്തിന്‍റെ റണ്‍വേട്ട. 169 ലിസ്റ്റ് എ മത്സരങ്ങളില്‍ 42.28 ശരാശരിയില്‍ ആറ് സെഞ്ചുറികളോടെ 5581 റണ്‍സും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.
അതേസമയം രഞ്‌ജി ട്രോഫിയുട ഈ സീസണോടെ മനോജിനെക്കൂടാതെ ജാർഖണ്ഡിന്‍റെ സ്റ്റാര്‍ ബാറ്റര്‍ സൗരഭ് തിവാരി (Saurabh Tiwary), എക്‌സ്‌പ്രസ് പേസർ വരുൺ ആരോൺ (Varun Aaron), മുംബൈ മീഡിയം പേസര്‍ ധവാൽ കുൽക്കർണി (Dhawal Kulkarni ), വിദര്‍ഭയെ രണ്ട് തവണ രഞ്ജി ട്രോഫി വിജയത്തിലേക്ക് നയിച്ച ഫായിസ് ഫസൽ (Faiz Fazal) എന്നിവരും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.