ലണ്ടൻ: പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്കെതിരെ ആവേശ ജയം സ്വന്തമാക്കി യുണൈറ്റഡ്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താൻമാര്‍ ജയിച്ചുകയറിയത്. 88-ാം മിനിറ്റുവരെ സിറ്റിയായിരുന്നു മുന്നിട്ടുനിന്നത്.
അവസാന രണ്ട് മിനിറ്റിനിടെ ബ്രൂണോ ഫെര്‍ണാണ്ടസും അമദ് ദിയാലോയും ലക്ഷ്യം കണ്ടതോടെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയിലേക്ക് തിരികെയെത്തി. ലീഗിലെ 16 മത്സരങ്ങള്‍ക്കിടെ യുണൈറ്റഡിന്‍റെ ആറാമത്തെ ജയമായിരുന്നു ഇത്. സിറ്റിയുടെ അഞ്ചാമത്തെ തോല്‍വിയും.
ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ ചിരവൈരികളായ യുണൈറ്റഡിനെതിരെ ജയപ്രതീക്ഷയോടെയാണ് പന്തു തട്ടാനിറങ്ങിയത്. കെവിൻ ഡി ബ്രൂയിൻ, എര്‍ലിങ് ഹാലൻഡ്, ഫില്‍ ഫോഡൻ, ബെര്‍ണാഡോ സില്‍വ തുടങ്ങിയ പ്രധാനികളെയെല്ലാം പെപ് ഗ്വാര്‍ഡിയോള ആദ്യ ഇലവനില്‍ തന്നെ കളത്തിലിറക്കി. മറുവശത്ത്, സൂപ്പര്‍ താരങ്ങളായ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ഗര്‍നാച്ചോ എന്നിവരില്ലാതെയാണ് യുണൈറ്റഡ് കളി തുടങ്ങിയത്.
One minute and 55 seconds that changed the course of the Manchester derby.#MCIMUN pic.twitter.com/sGU3nevPDt
— Premier League (@premierleague) December 15, 2024
പതിഞ്ഞ താളത്തിലായിരുന്നു കളിയുടെ തുടക്കം. ആദ്യ 10 മിനിറ്റിനിടെ ഒരു ഷോട്ടുപോലും ഗോള്‍ വല ലക്ഷ്യമാക്കി പായിക്കാൻ ഇരു ടീമിനും സാധിച്ചില്ല. 14-ാം മിനിറ്റില്‍ തന്നെ യുണൈറ്റഡിന് ആദ്യ സബ്‌സ്ടിട്യൂഷൻ നടത്തേണ്ടി വന്നു. പരിക്കേറ്റ മേസൻ മൗണ്ടിന് പകരം കോബി മൈനുവിനെയാണ് യുണൈറ്റഡ് പരിശീലകൻ അമോറിം കളത്തിലിറക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചില നീക്കങ്ങള്‍ നടത്തിക്കൊണ്ട് ആദ്യ പകുതിയില്‍ സിറ്റി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 36-ാം മിനിറ്റില്‍ ഗോള്‍ കൂടി പിറന്നതോടെ ആതിഥേയര്‍ കൂടുതല്‍ ആത്മവിശ്വാസത്തിലായി. കോര്‍ണര്‍ കിക്കില്‍ നിന്നും ലഭിച്ച അവസരം മുതലെടുത്ത് പ്രതിരോധ നിര താരം ജോസ്‌കോ ഗാര്‍ഡിയോളാണ് സിറ്റിയെ മുന്നിലെത്തിച്ചത്. പിന്നീട് ഉണ്ടായിരുന്ന ആദ്യ പകുതിയിലെ അവസാന സമയങ്ങളില്‍ മികച്ച അവസരങ്ങള്‍ സൃഷ്‌ടിക്കാനോ ഗോളുകള്‍ അടിക്കാനോ ഇരു ടീമിനും സാധിച്ചില്ല.
രണ്ടാം പകുതിയില്‍ പന്ത് കൂടുതല്‍ കൈവശം വച്ച് കളിച്ചത് യുണൈറ്റഡായിരുന്നു. എന്നാല്‍, മികച്ച അവസരങ്ങള്‍ മെനയുന്നതില്‍ അവരും പരാജയപ്പെടുന്ന കാഴ്‌ചയാണ് എത്തിഹാദ് സ്റ്റേഡിയത്തില്‍ കാണാനായത്. മറുവശത്ത്, ഫിനിഷിങ്ങിലെ പാളിച്ചകള്‍ സിറ്റിയേയും പ്രതിരോധത്തിലാക്കി.
86-ാം മിനിറ്റിലാണ് യുണൈറ്റഡ് ആരാധകര്‍ കാത്തിരുന്ന നിമിഷം എത്തിയത്. യുവതാരം അമദ് ദയാലോയെ ഫൗള്‍ ചെയ്‌തതിന് സന്ദര്‍ശകര്‍ക്ക് അനുകൂലമായി പെനാല്‍റ്റി. കിക്കെടുക്കാനെത്തിയ ബ്രൂണോ ഫെര്‍ണാണ്ടസ് സിറ്റി ഗോള്‍ കീപ്പര്‍ എഡേര്‍സണ് ഒരു അവസരവും നല്‍കാതെ തന്നെ പന്ത് വലയിലാക്കി.
അധികം വൈകാതെ തന്നെ ദിയാലോയിലൂടെ യുണൈറ്റഡ് വിജയഗോളും അടിച്ചു. ലിസാൻഡ്രോ മാര്‍ട്ടിനെസ് നല്‍കിയ ലോങ് പാസ് പിടിച്ചെടുത്തായിരുന്നു അമദ് ദിയാലോ ലക്ഷ്യം കണ്ടത്. 90-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ സമനില ഗോളിനായി സിറ്റി ശ്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധത്തെ മറികടക്കാൻ അവര്‍ക്കായില്ല.
ജയത്തോടെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 22 പോയിന്‍റായി. നിലവില്‍ 13 സ്ഥാനത്താണ് പോയിന്‍റ് പട്ടികയില്‍ അവരുടെ സ്ഥാനം. 16 കളിയില്‍ 27 പോയിന്‍റുള്ള സിറ്റി അഞ്ചാം സ്ഥാനത്താണ്.
Also Read : അണ്‍സോള്‍ഡില്‍ നിന്നും ഏറ്റവും മൂല്യമേറിയ താരത്തിലേക്ക്; കോടിത്തിളക്കത്തില്‍ ഈ ധാരാവിക്കാരി