ലണ്ടൻ: വോള്‍വ്‌സിനെതിരായ വമ്പൻ ജയത്തോടെ പ്രീമിയര്‍ ലീഗില്‍ കിരീടപോര് കടുപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. എത്തിഹാദ് സ്റ്റേഡിയത്തില്‍ സന്ദര്‍ശകരായെത്തിയ വോള്‍വ്‌സിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡ് നാല് ഗോളുകള്‍ അടിച്ചപ്പോള്‍ ഹൂലിയൻ അല്‍വാരസിന്‍റെ വകയായിരുന്നു ഒരു ഗോള്‍.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ 35 മത്സരം പൂര്‍ത്തിയാക്കിയ അവര്‍ക്ക് 82 പോയിന്‍റാണ് നിലവില്‍. ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനേക്കാള്‍ ഒരു പോയിന്‍റ് മാത്രം പിന്നിലാണ് നിലവില്‍ സിറ്റി.
36 കളിയില്‍ നിന്നാണ് ആഴ്‌സണല്‍ 83 പോയിന്‍റ് സ്വന്തമാക്കിയിട്ടുള്ളത്. ആഴ്‌സണലിനേക്കാള്‍ ഒരു മത്സരം കുറവ് കളിച്ചുവെന്നത് കിരീടപ്പോരില്‍ സിറ്റിക്ക് മുൻതൂക്കം നല്‍കുന്ന കാര്യമാണ്. ഫുള്‍ഹാം, ടോട്ടൻഹാം, വെസ്റ്റ്‌ഹാം ടീമുകള്‍ക്കെതിരെയാണ് സീസണില്‍ ഇനി സിറ്റിക്ക് ശേഷിക്കുന്ന മത്സരങ്ങള്‍.
മത്സരത്തിന്‍റെ 12-ാം മിനിറ്റിലാണ് ഹാലന്‍ഡ് ഗോള്‍ വേട്ട തുടങ്ങിയത്. പെനാല്‍റ്റിയില്‍ നിന്നായിരുന്നു താരത്തിന്‍റെ ഗോള്‍. 35-ാം മിനിറ്റില്‍ റോഡ്രിയുടെ അസിസ്റ്റില്‍ നിന്നും രണ്ടാം ഗോളും താരം നേടി. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പായിരുന്നു ഹാലന്‍ഡ് ഹാട്രിക് പൂര്‍ത്തിയാക്കിയത്.
മത്സരത്തിന്‍റെ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെയാണ് താരം മൂന്നാമത്തെ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ 53-ാം മിനിറ്റില്‍ ഹ്വാങ് ഹീ ചാനിലുടെ വോള്‍വ്‌സ് ഒരു ഗോള്‍ മടക്കി. എന്നാല്‍, ഈ ഗോളിനുള്ള മറുപടി 54-ാം മിനിറ്റില്‍ തന്നെ ഹാലന്‍ഡ് നല്‍കി.
ഫില്‍ ഫോഡന്‍റെ അസിസ്റ്റ് സ്വീകരിച്ചായിരുന്നു ഹാലന്‍ഡ് മത്സരത്തിലെ നാലാം ഗോള്‍ വോള്‍വ്‌സിന്‍റെ വലയില്‍ എത്തിച്ചത്. പിന്നീട് 85-ാം മിനിറ്റില്‍ റോഡ്രിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു അല്‍വാരസ് സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
Also Read : 1 ഗോള്‍, 5 അസിസ്റ്റ്.. റെക്കോഡ് പ്രകടനവുമായി മെസി; ന്യൂയോര്‍ക്കിനെ മുക്കി മയാമി - Lionel Messi MLS Record