ലണ്ടൻ : എഫ് എ കപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌ത് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. സെമി ഫൈനല്‍ പോരാട്ടത്തില്‍ ചെല്‍സിയെ തകര്‍ത്താണ് സിറ്റിയുടെ മുന്നേറ്റം. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് പഴി കേള്‍ക്കേണ്ടി വന്ന ബെര്‍ണാഡോ സില്‍വ നേടിയ ഏക ഗോളിലായിരുന്നു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം.
തുടര്‍ച്ചയായ രണ്ടാമത്തെ പ്രാവശ്യമാണ് മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് ഫൈനലിന് യോഗ്യത നേടുന്നത്. കൊവെന്‍ട്രി - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയിയാണ് ഫൈനലില്‍ സിറ്റിയുടെ എതിരാളി. മെയ് 25ന് വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ആദ്യ സെമിയില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാൻ സാധിക്കാതെ പോയതാണ് ചെല്‍സിക്ക് തിരിച്ചടിയായത്. മത്സരത്തിന്‍റെ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ സൃഷ്‌ടിക്കാൻ ചെല്‍സിക്കായി. എന്നാല്‍, അവ ഗോളാക്കി മാറ്റുന്നതില്‍ നീലപ്പട പരാജയപ്പെട്ടു.
കോള്‍ പാല്‍മെര്‍, നിക്ലെസ് ജാക്‌സണ്‍ എന്നിവര്‍ക്കൊന്നും ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനായില്ല. ചെല്‍സിക്ക് അനുകൂലമായ പെനാല്‍റ്റിയും മത്സരത്തില്‍ അനുവദിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ ചെല്‍സിയുടെ ഫ്രീ കിക്ക് ജാക്ക് ഗ്രീലിഷിന്‍റെ കയ്യില്‍ തട്ടിയെങ്കിലും അത് പെനാല്‍റ്റി വിളിക്കാനോ വാര്‍ പരിശോധനയ്‌ക്കോ റഫറി തയ്യാറായിരുന്നില്ല.
ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. രണ്ടാം പകുതിയില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തില്‍ വിജയഗോള്‍ കണ്ടെത്തിയത്. 84-ാം മിനിറ്റിലായിരുന്നു ബെര്‍ണാഡോ സില്‍വ സിറ്റിക്കായി ഗോള്‍ നേടിയത്.