പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് ഫ്രഞ്ച് ക്ലബ് LOSC ലില്ലെ. പ്രാഥമിക റൗണ്ടില്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്‍റെ തോല്‍വി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജൊനാഥൻ ഡേവിഡാണ് സ്‌പാനിഷ് വമ്പൻമാര്‍ക്കെതിരെ ലില്ലെയ്‌ക്ക് ജയമൊരുക്കിയത്.
എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി കാര്‍ലോ ആൻസലോട്ടിയും സംഘവും നടത്തിയ തോല്‍വി അറിയാതെയുള്ള 36 മത്സരങ്ങളുടെ കുതിപ്പിന് കൂടിയാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ നടന്ന കോപ്പ ഡെല്‍ റേ ഫുട്‌ബോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോടായിരുന്നു റയല്‍ അവസാനമായി പരാജയപ്പെട്ടത്. 2022 ഒക്‌ടോബറിന് ശേഷം ഇതാദ്യമായാണ് സ്‌പാനിഷ് വമ്പൻമാര്‍ ചാമ്പ്യൻസ് ലീഗിന്‍റെ പ്രഥാമിക റൗണ്ടില്‍ ഒരു മത്സരം പരാജയപ്പെടുന്നത്.
ലില്ലെയ്‌ക്കെതിരായ മത്സരത്തില്‍ ഉടനീളം ആധിപത്യം സ്ഥാപിക്കാൻ റയലിന് സാധിച്ചിരുന്നു. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ട് നിന്നതും സ്പാനിഷ് ക്ലബായിരുന്നു. എന്നാല്‍, ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാൻ സാധിക്കാതെ പോയതാണ് ലോസ് ബ്ലാങ്കോസിന് തിരിച്ചടിയായി മാറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഡോൺ സെഗ്രോവ ബോക്‌സിന് തൊട്ടുവെളിയില്‍ നുിന്നും പായിച്ച ഫ്രീ കിക്ക് റയല്‍ മിഡ്‌ഫീല്‍ഡര്‍ എഡ്വാർഡോ കാമവിംഗ കൈകൊണ്ട് തട്ടിയതിനാണ് ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലില്ലെയ്‌ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചത്. വാര്‍ പരിശോധനയ്‌ക്കൊടുവിലായിരുന്നു തീരുമാനത്തിലേക്ക് റഫറിയെത്തിയത്. തുടര്‍ന്ന് കിക്കെടുത്ത ജൊനാഥൻ അനായാസം തന്നെ റയല്‍ വലയിലേക്ക് പന്ത് എത്തിക്കുകയായിരുന്നു. പിന്നീട് വിനീഷ്യസ് ജൂനിയര്‍, റോഡ്രി, പകരക്കാരനായെത്തിയ കിലിയൻ എംബാപ്പെ എന്നിവരെല്ലാം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും റയല്‍ മാഡ്രിഡിന് സമനില ഗോള്‍ കണ്ടെത്താനാകാതെ പോകുകയായിരുന്നു.