ലണ്ടന്‍: ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയ്‌ക്ക് ആദ്യമായി ലഭിച്ച കരാര്‍ എഴുതിയ നാപ്‌കിന്‍ പേപ്പര്‍ ലേലത്തിന് (Lionel Messi First Contract With Barcelona). ബ്രിട്ടീഷ് സ്ഥാപനമായ ബോണ്‍ഹാംസാണ് നാപ്‌കിന്‍ പേപ്പറിന്‍റെ ലേലം നടത്താനൊരുങ്ങുന്നത് (Napkin Paper Contract Auction). മാര്‍ച്ച് 18-27 തീയതികളിലാണ് നാപ്‌കിന്‍ പേപ്പര്‍ ലേലത്തില്‍ വയ്‌ക്കുന്നത്.
3.15 കോടി ഇന്ത്യന്‍ രൂപയിലാണ് ലേലം ആരംഭിക്കുന്നത്. നാപ്‌കിന്‍ പേപ്പറിന് അഞ്ച് കോടിയിലധികം തുക ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കാല്‍പ്പന്ത് ലോകത്തിന്‍റെ തന്നെ ഭാവി മാറ്റി മറിച്ച ഈ നാപ്‌കിന്‍ പേപ്പര്‍ ആര് സ്വന്തമാക്കുമെന്നാണ് ലോകമെമ്പാടുമുള്ള മെസി ആരാധകരും ഉറ്റുനോക്കുന്നത്.
ബാഴ്‌സലോണ ക്ലബില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിനിടെ കണ്ണുനീര്‍ തുടയ്‌ക്കാന്‍ ലയണല്‍ മെസി ഉപയോഗിച്ച ടിഷ്യു പേപ്പറും നേരത്തെ ലേലത്തില്‍ വിറ്റിരുന്നു. 1 മില്യണ്‍ യുഎസ് ഡോളറിനായിരുന്നു ഈ ടിഷ്യു ലേലത്തില്‍ വിറ്റുപോയത്.
നാപ്‌കിന്‍ പേപ്പറിലെ ആദ്യ കരാര്‍: ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സില്‍ നിന്നും 2000ല്‍ ആയിരുന്നു ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി സ്‌പെയിനിലേക്ക് എത്തുന്നത്. കുഞ്ഞ് മെസിയും കുടുംബവും സാമ്പത്തികമായി തന്നെ ഏറെ ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അത്. മെസിയുടെ വളര്‍ച്ച ഹോര്‍മോണിന്‍റെ അപര്യാപ്‌തതയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ ചികിത്സിച്ച് മാറ്റാന്‍ പോലും താരത്തിന്‍റെ കുടുംബം കഷ്‌ടപ്പെട്ടിരുന്നു.
ഈ സമയത്താണ് തന്‍റെ 13-ാം വയസില്‍ മെസിയ്‌ക്ക് ബാഴ്‌സലോണയില്‍ നിന്നും കരാര്‍ ലഭിക്കുന്നത്. നാപ്‌കിന്‍ പേപ്പറില്‍ എഴുതിയ കരാറായിരുന്നു അന്ന് ആദ്യമായി മെസിയെ തേടിയെത്തിയത്. ബാഴ്‌സലോണയുടെ ടെക്‌നിക്കല്‍ സെക്രട്ടറി ചാര്‍ളി റെക്‌സാച്ചും മെസിയുടെ അന്നത്തെ ഏജന്‍റായിരുന്ന ഹൊറാസിയോ ഗാഗിയോലിയും ചേര്‍ന്ന് 2000 ഡിസംബര്‍ 14നായിരുന്നു താരത്തിന് നാപ്‌കിന്‍ പേപ്പറിലെ കരാര്‍ സമ്മാനിച്ചത്. മെസിയുടെ ചികിത്സ ചെലവ് ഉള്‍പ്പടെ ഏറ്റെടുക്കുന്നതായിരുന്നു കരാര്‍.
തുടര്‍ന്നായിരുന്നു മെസിയുടെയും സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയുടെയും ഭാവി തന്നെ മാറിയത്. 2003ല്‍ 16-ാം വയസില്‍ എഫ് സി പോര്‍ട്ടോയ്‌ക്കെതിരായ സൗഹൃദമത്സരത്തിലൂടെയായിരുന്നു മെസി ആദ്യമായി ബാഴ്‌സയുടെ ജഴ്‌സിയില്‍ കളിക്കളത്തിലേക്ക് എത്തിയത്. മത്സരത്തിന്‍റെ 75-ാം മിനിറ്റില്‍ പകരക്കാരനായിട്ടായിരുന്നു മെസി കളിക്കാനെത്തിയത്. 2021ല്‍ ആയിരുന്നു മെസി ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയില്‍ ചേക്കേറിയത്. രണ്ട് വര്‍ഷം പിഎസ്‌ജിക്കായി കളിച്ച താരം കഴിഞ്ഞ സീസണില്‍ ആണ് മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക് എത്തിയത്.
Also Read : മെസിയേയും സംഘത്തേയും 'നാണം കെടുത്തി' അല്‍ നസ്‌ര്‍ ; സൗദി ക്ലബ് അടിച്ചുകൂട്ടിയത് ആറ് ഗോള്‍