മഞ്ഞ് വീഴുന്ന ഡിസംബറിലെ 25-ാം നാളിലാണ് ക്രൈസ്‌തവ സമൂഹം തിരുപ്പിറവിയുടെ നാള്‍ ആഘോഷമാക്കുന്നത്. എന്നാല്‍, കാല്‍പ്പന്ത് ആരാധകരുടെ കലണ്ടറില്‍ ജൂണ്‍ 24-ാണ് തിരുപ്പിറവിയുടെ ദിനം. ഫുട്‌ബോളിന്‍റെ സ്വന്തം മിശിഹ ലയണല്‍ ആന്ദ്രേസ് മെസി പിറവിയെടുത്ത ദിനം.
സ്വന്തം വൈകല്യത്തെ പോലും വകവയ്‌ക്കാതെ ഫുട്‌ബോളിനെ അത്രയേറെ സ്നേഹിച്ച ബാലൻ. ഹോർമൺ കുറവുള്ള അവന് ഇനി ഉയരം വക്കില്ലെന്ന് പല ഡോക്‌ടര്‍മാരും വിധിയെഴുതി. എന്നാല്‍, കാല്‍പന്ത് കളിയിലൂടെ അവൻ ലോകത്തോളം വളര്‍ന്ന് പന്തലിച്ചു. ഇതിഹാസമായി, ഫുട്‌ബോളിലെ മിശിഹയായി വാഴ്‌ത്തപ്പെട്ടു.
1987 ജൂൺ 24ന് അർജന്‍റീനയിലെ റൊസാരിയോയില്‍ ഫാക്‌ടറി ജീവനക്കരനായ ജോർജ് മെസിയുടെയും സെലിയ കുച്ചിറ്റിനയുടെയും മകനായി ജനനം. ജീവിതവും കരിയറും കെട്ടിപ്പടുക്കുന്നതിന് സ്‌പാനിഷ് നഗരമായ റൊസാരിയോയിലേക്ക് കുടിയേറ്റം. തുകല്‍പന്തിന് പിന്നാലെ പായാൻ ഇഷ്‌ടപ്പെട്ട മെസി കാല്‍പന്തിന്‍റെ ബാലപാഠങ്ങള്‍ പയറ്റിത്തെളിഞ്ഞത് ലാ മാസിയയില്‍.
13-ാം വയസില്‍ നാപ്‌കിൻ പേപ്പറില്‍ ബാഴ്‌സലോണയുമായുള്ള ആദ്യ കരാര്‍. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പോര്‍ട്ടോയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലൂടെ ബാഴ്‌സയുടെ കുപ്പായത്തില്‍ മെസി ആദ്യമായി പന്ത് തട്ടാനിറങ്ങി. മത്സരത്തിന്‍റെ 75-ാം മിനിറ്റില്‍ പകരക്കാരനായി അരങ്ങേറ്റം.
അവിടെ നിന്നും പകരം വയ്ക്കാനില്ലാത്ത അവരുടെ അമരക്കാരനായി. സ്‌പാനിഷ് ക്ലബിനായി മെസി കിരീടങ്ങള്‍ വാരിക്കൂട്ടി. ബാലൻ ഡി ഓറും ഫിഫ പുരസ്‌കാരങ്ങളും മെസിയെ തേടിയെത്തി. ക്ലബിനൊപ്പം നേട്ടങ്ങള്‍ കൊയ്യുമ്പോഴും രാജ്യത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന പഴി സ്ഥിരമായി മെസിക്ക് കേള്‍ക്കേണ്ടി വന്നു. 2014ലെ ഫിഫ ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ കിരീടത്തെ നോക്കി നിന്ന മെസിയുടെ ഒരു ചിത്രമുണ്ട്.
ലോകകപ്പ് സ്വന്തമാക്കിയേ അടങ്ങൂ എന്ന വാശിയില്‍ അയാള്‍ പിന്നെയും കളിക്കളങ്ങളില്‍ നിറഞ്ഞു. ഇടംകാല്‍ കൊണ്ട് നേടിയ ഗോളുകളില്‍ എതിരാളികള്‍ ഇല്ലാതെയായി. ഒടുവില്‍ 2022 ലുസൈല്‍ സ്റ്റേഡിയത്തില്‍ അതും സംഭവിച്ചു. ഫുട്‌ബോള്‍ വിശ്വകപ്പില്‍ മെസിയുടെ മുത്തം. അതിന് മുൻപ് മാരക്കാനയില്‍ ചിരവൈരികളായ ബ്രസീലിനെ വീഴ്‌ത്തിക്കൊണ്ട് കോപ്പ അമേരിക്ക നേട്ടം. അങ്ങനെ നേടാനാകുന്നതെല്ലാം അയാള്‍ സ്വന്തമാക്കി.
മറ്റൊരു കോപ്പ കാലത്താണ് മെസി തന്‍റെ 37-ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ആശങ്കകളില്ലാതെ ആസ്വദിച്ച് പന്ത് തട്ടുകയാണ് മെസിയിപ്പോള്‍. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടക്കാനിരിക്കുന്ന ലോകകപ്പിലും മെസിയുടെ മായാജാലം കാണാനാകുമോ എന്ന കാര്യത്തില്‍ മാത്രമാണ് ഇനി ആരാധകര്‍ക്ക് ഉത്തരം ലഭിക്കേണ്ടത്.