പാരീസ്: ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിൾസ് വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ ഷട്ടർ ലക്ഷ്യ സെന്നിന് പരാജയം. കടുത്ത മത്സരത്തിൽ മലേഷ്യയുടെ ലീ ജി ജിയ 21-13, 16-21, 11-21 എന്ന സ്‌കോറിനാണ് ലക്ഷ്യയെ പരാജയപ്പെടുത്തിയത്. ലക്ഷ്യയ്‌ക്ക് ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ് നഷ്ടമായത്. മെഡൽ നേടിയിരുന്നെങ്കിൽ ഇന്ത്യക്കായി ബാഡ്‌മിന്‍റണിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ പുരുഷ താരമായി മാറുമായിരുന്നു. 22 കാരനായ ലക്ഷ്യ ആദ്യ ഒളിമ്പിക്‌സില്‍ തന്നെ സെമിഫൈനലിലെത്തിയത് ഇന്ത്യയ്‌ക്ക് വാനോളം മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു.
ആദ്യ സെറ്റിൽ തകർപ്പൻ പ്രകടനം
ലക്ഷ്യ തുടക്കം മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. മിഡ് ബ്രേക്ക് വരെ 11-7ന് മുന്നിലെത്തി. ആദ്യ സെറ്റ് 21-13ന് അനായാസം സ്വന്തമാക്കി.
🇮🇳 Result Update: #Badminton Men's Singles Bronze Medal Match👇
— SAI Media (@Media_SAI) August 5, 2024
So close, yet so far💔
Our star Shuttler Lakshya Sen suffers heartbreak in his first-ever medal match at the #Olympics.
The 22-year-old, who made his debut appearance at #Paris2024, had nothing less than a dream… pic.twitter.com/skEIjHCdNQ
രണ്ടാം സെറ്റും ആവേശകരമായിരുന്നു
ഇരുതാരങ്ങളും തമ്മിലുള്ള രണ്ടാം സെറ്റ് ആവേശകരമായിരുന്നു. മികച്ച ശൈലിയിലാണ് സെൻ ഈ സെറ്റില്‍ തുടങ്ങിയത്. പക്ഷേ, സെമിയിലെന്നപോലെ പിന്നീടും പതറി. ലക്ഷ്യക്ക് തുടക്കത്തിലെ ലീഡ് ലഭിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയ മലേഷ്യൻ താരം മിഡ് ബ്രേക്ക് വരെ 11-8ന് ലീഡ് ചെയ്ത് 3 പോയിന്‍റെ ഗണ്യമായ ലീഡ് നേടി. തിരിച്ചുവരവിന് സെൻ പരമാവധി ശ്രമിച്ചെങ്കിലും മലേഷ്യൻ താരം അവസരം നൽകാതെ രണ്ടാം സെറ്റ് 21-16ന് സ്വന്തമാക്കി.
മൂന്നാം സെറ്റിൽ കടുത്ത മത്സരം
മൂന്നാം സെറ്റിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും മലേഷ്യയുടെ ലീ ജി ജിയയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. ഈ സെറ്റിൽ മലേഷ്യൻ താരം ലക്ഷ്യ സെന്നിനെക്കാൾ മികച്ച രീതിയില്‍ കളിച്ചു. ലക്ഷ്യയുടെ വലതു കൈയ്ക്ക് വേദന ഉണ്ടായിരുന്നു. വേദനിച്ചിട്ടും ധൈര്യം കൈവിടാതെ ലക്ഷ്യ പോരാട്ടം തുടർന്നു. പക്ഷേ, ഇന്ത്യക്ക് വേണ്ടി മെഡൽ നേടിക്കൊടുക്കാൻ ആ ശ്രമങ്ങൾ അപര്യാപ്തമായിരുന്നു. മൂന്നാം സെറ്റ് 21-11ന് മലേഷ്യയുടെ ലീ ജി ജിയ സ്വന്തമാക്കി വെങ്കല മെഡൽ സ്വന്തമാക്കി.
സെമിയിൽ ഒളിമ്പിക് ചാമ്പ്യനോട് തോറ്റു
നേരത്തെ ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിൾസിന്‍റെ സെമി ഫൈനലിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ഡെൻമാർക്കിന്‍റെ വിക്ടർ ആക്‌സെൽസണിനോട് ലക്ഷ്യ സെന്‍ പരാജയപ്പെട്ടിരുന്നു. കടുത്ത മത്സരത്തിൽ 22-20, 21-14 എന്ന സ്‌കോറിനാണ് വിക്ടർ ലക്ഷ്യയെ പരാജയപ്പെടുത്തിയത്. തോറ്റെങ്കിലും ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിൾസ് സെമിഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരമായി മാറി ലക്ഷ്യ സെന്‍.