പാരിസ് : ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ (PSG) സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ (Kylian Mbappe) സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനൊപ്പം (Real Madrid) ചേരാന്‍ ഒരുങ്ങുന്നു. പിഎസ്‌ജിയുമായി നിലവിലുള്ള കരാര്‍ അവസാനിക്കുന്നതോടെ താരം റയലിലേക്ക് ചേക്കേറുമെന്നാണ് പ്രമുഖ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണോടെയാണ് എംബാപ്പെയുടെ പിഎസ്‌ജിയുമായുള്ള കരാര്‍ അവസാനിക്കുന്നത് (Kylian Mbappe Set To Join Real Madrid).
ഫുട്‌ബോള്‍ ലോകത്ത് ഏറെ നാളായുള്ള ചര്‍ച്ചയാണ് എംബാപ്പെയുടെ കൂടുമാറ്റം. 25കാരനായ ഫ്രഞ്ച് താരം പിഎസ്‌ജിയുമായിട്ടുള്ള കരാര്‍ പുതുക്കിയിട്ടില്ല. പിഎസ്‌ജിയുമായി പുതിയ കരാറിലേക്ക് എത്തില്ലെന്ന് കഴിഞ്ഞ വര്‍ഷം തന്നെ എംബാപ്പെ വ്യക്തമാക്കിയിരുന്നതാണ്.
2023-24 സീസണ്‍ അവസാനിക്കുന്നതോടെ താരം ഫ്രീ ഏജന്‍റായി മാറും. തന്‍റെ ഇഷ്‌ട താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സിനദിന്‍ സിദാന്‍ എന്നിവര്‍ പന്ത് തട്ടിയ സാന്‍റിയാഗോ ബെര്‍ണാബ്യൂവിലേക്ക് എത്തുക എന്ന് തന്നെയാണ് എംബാപ്പെയുടെയും ആഗ്രഹം. റയലിനൊപ്പം തനിക്ക് കിട്ടാക്കനിയായി തുടരുന്ന ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കുമെന്നാണ് താരത്തിന്‍റെ പ്രതീക്ഷ.
അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. റയല്‍ മാഡ്രിഡ് എംബാപ്പെ പ്രീ കരാര്‍ പ്രഖ്യാപനം അടുത്തയാഴ്‌ചയോടെ ഉണ്ടായേക്കാമെന്നാണ് ഇഎസ്‌പിഎന്‍ (ESPN), ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയെന്‍ (Le Parisien) എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൊണോക്കോയില്‍ നിന്നും 2017ല്‍ ലോണ്‍ അടിസ്ഥാനത്തില്‍ ആയിരുന്നു എംബാപ്പെ പിഎസ്‌ജിയിലേക്ക് എത്തിയത്. തൊട്ടടുത്ത വര്‍ഷം തന്നെ താരം ക്ലബ്ബില്‍ സ്ഥിര അംഗമായി മാറി. ഏറെ നാളായി റയല്‍ മാഡ്രിഡിന്‍റെ റാഡറിലുള്ള താരമാണ് കിലിയന്‍ എംബാപ്പെ.
2022ല്‍ എംബാപ്പെയെ ടീമിലെത്തിക്കുന്നതിന്‍റെ അരികില്‍ വരെ റയല്‍ എത്തിയിരുന്നു. എന്നാല്‍, അന്ന് നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ പിഎസ്‌ജിയുമായി എംബാപ്പെ രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ റെക്കോഡ് തുകയ്‌ക്ക് എംബാപ്പെയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലും രംഗത്തെത്തിയിരുന്നു.
Also Read : ബാഴ്‌സലോണയില്‍ മെസിയുടെ ആദ്യ കരാർ നാപ്‌കിന്‍ പേപ്പറില്‍... ഇനിയത് ലേലത്തിന്
332 മില്യണ്‍ ഡോളര്‍ ആയിരുന്നു എംബാപ്പെയ്‌ക്ക് അല്‍ ഹിലാല്‍ നല്‍കിയ ഓഫര്‍. സൗദി അറേബ്യന്‍ ക്ലബ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു താരം ഈ ഓഫര്‍ നിരസിച്ചത്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United), ലിവര്‍പൂള്‍ (Liverpool), ചെല്‍സി (Chelsea) ടീമുകളും നേരത്തെ താരത്തിനായി രംഗത്തുണ്ടായിരുന്നു.