മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് (India vs England Test) തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയ്‌ക്ക് കനത്ത നിരാശ നല്‍കുന്ന റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുലിനെ (KL Rahul) മത്സരത്തില്‍ നിന്നും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. പരിക്കിൽ നിന്നും പൂര്‍ണ മുക്തി നേടാന്‍ കഴിയാതെ വന്നതോടെയാണ് സെലക്‌ടര്‍മാരുടെ തീരുമാനമെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ രാഹുലിനും രവീന്ദ്ര ജഡേജയ്‌ക്കും പരിക്കേറ്റിരുന്നു. ഇതോടെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ ഇരുവര്‍ക്കും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലേക്ക് ഇരുവരേയും സെലക്‌ടര്‍മാര്‍ തിരികെ വിളിച്ചിരുന്നു.
എന്നാല്‍ ഫിറ്റ്‌നസിന് വിധേയമായി ആവും ഇരുവരും കളത്തിലിറങ്ങുകയെന്നും സെലക്‌ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ജഡേജയ്‌ക്ക് മെഡിക്കല്‍ ബോര്‍ഡിന്‍റെ ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ടെങ്കിലും രാഹുല്‍ തന്‍റെ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള 31-കാരന്‍ ഒരാഴ്‌ച കൂടി മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തില്‍ തുടരുമെന്നാണ് വിവരം.
ഇതിന് ശേഷമാവും ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ താരം കളിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. നാലാം ടെസ്റ്റില്‍ രാഹുലിന് കളിക്കാന്‍ കഴിയുമെന്നാണ് ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ പ്രതീക്ഷ. രാഹുലിന് പകരം ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സില്‍ സഹതാരമായ ദേവദത്ത് പടിക്കൽ (Devdutt Padikkal) ആയിരിക്കും ടീമിൽ ഇടംപിടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. രഞ്‌ജി ട്രോഫിയില്‍ തന്‍റെ അവസാന മത്സരത്തില്‍ തമിഴ്‌നാടിനെതിരെ 151 റൺസ് നേടിയ ദേവ്‌ദത്ത് മിന്നും ഫോമിലാണുള്ളത്.
പ്രസ്‌തുത മത്സരം കാണാന്‍ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കറും (Ajit Agarkar) സ്റ്റാന്‍ഡിലുണ്ടായിരുന്നു. സീസണില്‍ കര്‍ണടകയ്‌ക്കായി മികച്ച പ്രകടനമാണ് ദേവ്‌ദത്ത് നടത്തുന്നത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ 193 റണ്‍സ് നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഗോവയ്‌ക്ക് എതിരെ 103 റണ്‍സടിച്ചു. പിന്നീട് ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്‌ക്കായി കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ 105, 65, 21 എന്നിങ്ങനെയായിരുന്നു ദേവ്‌ദത്ത് അടിച്ച് കൂട്ടിയത്.
അതേസമയം നെറ്റില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന തന്‍റെ വീഡിയോ കെഎല്‍ രാഹുല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയായി ആയിരുന്നു പ്രസ്‌തുത വീഡിയോ താരം പങ്കിട്ടത്.
ALSO READ: ഐപിഎല്ലില്‍ രാഹുല്‍ ചെയ്യേണ്ടത് ഇതാണ്...; നിര്‍ദേശവുമായി ഇര്‍ഫാന്‍ പഠാന്‍
ഇന്ത്യ സ്ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രജത് പടിദാര്‍, സര്‍ഫറാസ് ഖാന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്. (India Squad For Last 3 Test Against England)