കൊല്‍ക്കത്ത : ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും കരകയറാൻ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ഇറങ്ങും. ഹാട്രിക് ജയം തേടിയെത്തുന്ന ഡല്‍ഹി ക്യാപിറ്റല്‍സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍. ഈഡൻ ഗാര്‍ഡൻസില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ രണ്ട് ബാറ്റിങ് പവര്‍ഹൗസുകളാണ് കൊല്‍ക്കത്തയും ഡല്‍ഹിയും. അങ്ങനെയുള്ള രണ്ട് ടീമുകള്‍ റണ്‍ ഒഴുകുന്ന ഈഡൻ ഗാര്‍ഡൻസില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതും ബാറ്റിങ് വെടിക്കെട്ടായിരിക്കും. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും വമ്പൻ സ്കോറുകള്‍ സ്വന്തമാക്കാൻ ഇരു ടീമുകള്‍ക്കും സാധിച്ചിട്ടുണ്ട്.
ഓപ്പണര്‍മാര്‍ തുടങ്ങിവയ്‌ക്കുന്ന അടി അവസാനം വരെ കൊണ്ടുപോകാൻ കെല്‍പ്പുള്ള ബാറ്റര്‍മാര്‍ ഇരു നിരയിലും ഉണ്ട്. കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും പവര്‍ പ്ലേ എങ്ങനെ വിനിയോഗിക്കണം എന്നതില്‍ വിദഗ്‌ധരാണ്. ഇരുവരുടെയും മികവില്‍ 12.36 ശരാശരി റണ്‍റേറ്റിലാണ് കൊല്‍ക്കത്ത ഇക്കൊല്ലം ആദ്യ ആറ് ഓവറില്‍ ബാറ്റ് ചെയ്‌തത്.
10.41 എന്ന ശരാശരി റണ്‍റേറ്റിലാണ് പവര്‍പ്ലേയില്‍ ഡല്‍ഹിയുടെ സ്കോറിങ്. ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍കും പൃഥ്വി ഷായും ചേര്‍ന്നൊരുക്കുന്ന സ്കോറിങ് അടിത്തറ കെട്ടി ഉയര്‍ത്തുന്ന പ്രധാന ചുമതല നായകൻ റിഷഭ് പന്തിനും മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ട്രിസ്റ്റണ്‍ സ്റ്റബ്സിനുമാണ് ഉള്ളത്.
ബൗളര്‍മാരില്‍ സുനില്‍ നരെയ്‌ൻ മാത്രമാണ് കൊല്‍ക്കത്തയുടെ വിശ്വാസം കാക്കുന്നത്. പേസര്‍മാരെല്ലാം തല്ലുകൊള്ളികളാകുന്നത് ആതിഥേയര്‍ക്ക് തിരിച്ചടിയാണ്. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം കഴിഞ്ഞ മത്സരത്തില്‍ ടീമിലെത്തിച്ച ദുഷ്‌മന്ത ചമീരയും അടി വാങ്ങി കൂട്ടിയത് നൈറ്റ് റൈഡേഴ്‌സിന് തലവേദന സൃഷ്‌ടിച്ചിട്ടുണ്ട്.
മറുവശത്ത്, കൊല്‍ക്കത്തൻ ടോപ് ഓര്‍ഡറിനെ പ്രതിരോധത്തിലാക്കാനുള്ള ചുമതല ഖലീല്‍ അഹമ്മദിനും കുല്‍ദീപ് യാദവിനുമാകും ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ റിഷഭ് പന്ത് ഏല്‍പ്പിക്കുക. മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനങ്ങളും ക്യാപിറ്റല്‍സിന് ഇന്ന് നിര്‍ണായകമായേക്കും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യത ടീം : ഫില്‍ സാള്‍ട്ട്, സുനില്‍ നരെയ്‌ൻ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റൻ), അംഗ്‌കൃഷ് രഘുവൻഷി, റിങ്കു സിങ്, രമണ്‍ദീപ് സിങ്, ദുഷ്‌മന്ത ചമീര/മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, അനുകുല്‍ റോയ്.
ഡല്‍ഹി ക്യാപിറ്റല്‍സ് സാധ്യത ടീം : പൃഥ്വി ഷാ, ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്, ഷായ് ഹോപ്, റിഷഭ് പന്ത് (ക്യാപ്‌റ്റൻ/വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പേറെല്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജെയ് റിച്ചാര്‍ഡ്‌സണ്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, റാസിഖ് സലാം.