കൊല്‍ക്കത്ത : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താൻ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്നിറങ്ങും. കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നും മോചനം ലക്ഷ്യമിട്ടിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആര്‍സിബിയുടെ എതിരാളികള്‍. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാര്‍ഡൻസില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം തുടങ്ങുന്നത്.
സീസണില്‍ ഇരു ടീമും നേര്‍ക്കുനേര്‍ പോരടിക്കാനൊരുങ്ങുന്ന രണ്ടാമത്തെ മത്സരം കൂടിയാണിത്. നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിയെ തകര്‍ക്കാൻ കൊല്‍ക്കത്തയ്‌ക്കായി. അന്ന് ഏഴ് വിക്കറ്റിനായിരുന്നു നൈറ്റ് റൈഡേഴ്‌സിന്‍റെ ജയം.
പേപ്പറില്‍ കരുത്തരാണെങ്കിലും തുടര്‍ തോല്‍വികളില്‍ വലയുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സീസണിലെ ഏഴ് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രമാണ് അവര്‍ക്ക് നേടാനായത്. നിലവില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരും ബെംഗളൂരുവാണ്.
വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ദിനേശ് കാര്‍ത്തിക് ബാറ്റിങ്ങില്‍ ഇവരിലാണ് ആര്‍സിബിയുടെ പ്രതീക്ഷകള്‍. മഹിപാല്‍ ലോംറോറും ആവശ്യഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് തിളങ്ങുന്നത് ബെംഗളൂരുവിന് ആശ്വാസമാണ്. കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാനിറങ്ങിയെങ്കിലും ബിഗ് ഹിറ്ററായ വില്‍ ജാക്‌സിന് തന്‍റെ മികവ് പുറത്തെടുക്കാനായിട്ടില്ല.
ബൗളിങ്ങാണ് ആര്‍സിബിയുടെ തലവേദന. പ്രധാന ബൗളര്‍മാരെല്ലാം തല്ല് വാങ്ങിക്കൂട്ടാൻ മത്സരിക്കുകയാണ്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 287 റണ്‍സ് വഴങ്ങിയതിന്‍റെ ക്ഷീണം മാറ്റാനുള്ള ശ്രമത്തിലാകും ബെംഗളൂരു ബൗളര്‍മാര്‍ ഇന്ന് കളത്തിലിറങ്ങുക.
പച്ചയണിയാൻ ആര്‍സിബി : ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുമ്പോള്‍ പച്ച ജഴ്‌സി അണിഞ്ഞാകും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കളത്തിലേക്ക് എത്തുക. പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുക എന്നതാണ് ഇതിലൂടെ അവര്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഓരോ ഐപിഎല്‍ സീസണിലും ഒരു മത്സരത്തിലാണ് ഇത്തരത്തില്‍ പച്ച ജഴ്‌സിയണിഞ്ഞ് ബെംഗളൂരു കളിക്കാനിറങ്ങുന്നത്.
മറുവശത്ത്, അവസാന മത്സരത്തില്‍ രാജസ്ഥാൻ റോയല്‍സിനോട് കയ്യിലുണ്ടായിരുന്ന കളി കൈവിട്ടാണ് കൊല്‍ക്കത്തയുടെ വരവ്. പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ് അവരുടെ സ്ഥാനം. ആര്‍സിബിക്കെതിരെ ചിന്നസ്വാമിയിലെ ജയം ഈഡൻ ഗാര്‍ഡൻസിലും ആവര്‍ത്തിക്കാനായാല്‍ ലീഗ് ടേബിളില്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും രണ്ടാം സ്ഥാനത്തേക്ക് എത്താം.
സുനില്‍ നരെയ്‌നാണ് അവരുടെ എക്‌സ് ഫാക്‌ടര്‍ പ്ലെയര്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും ആര്‍സിബിക്കെതിരെ മികച്ച റെക്കോഡ് തന്നെ നരെയ്‌നുണ്ട്. ഓപ്പണറായി ക്രീസിലെത്തി അതിവേഗം റണ്‍സ് കണ്ടെത്തുന്ന താരം പന്തുകൊണ്ട് ആര്‍സിബിയുടെ ഇൻഫോം ബാറ്റര്‍മാരായ വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, ദിനേശ് കാര്‍ത്തിക് എന്നിവരെ പന്തുകൊണ്ടും വെള്ളം കുടിപ്പിച്ചേക്കാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യത ടീം: സുനില്‍ നരെയ്‌ൻ, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), അംഗ്‌കൃഷ് രഘുവൻഷി, ശ്രേയസ് അയ്യര്‍ (ക്യാപ്‌റ്റൻ), വെങ്കടേഷ് അയ്യര്‍, ആന്ദ്രേ റസല്‍, റിങ്കു സിങ്, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, വൈഭവ് അറോറ.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യത ടീം: ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റൻ), വിരാട് കോലി, വില്‍ ജാക്‌സ്, രജത് പടിദാര്‍, സൗരവ് ചൗഹാൻ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, അനൂജ് റാവത്ത്, വിജയകുമാര്‍ വൈശാഖ്, റീസ് ടോപ്ലി, ലോക്കി ഫെര്‍ഗൂസണ്‍, യാഷ് ദയാല്‍.