ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 98 റണ്‍സിന്‍റെ തകര്‍പ്പൻ ജയം സ്വന്തമാക്കി പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് 236 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുന്നിലേക്ക് വച്ച കൊല്‍ക്കത്ത മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനെ 16.1 ഓവറില്‍ 137 റണ്‍സില്‍ ഓള്‍ഔട്ടാക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തിയുടെയും ഹര്‍ഷിത് റാണയുടെയും തകര്‍പ്പൻ ബൗളിങ് പ്രകടനമാണ് മത്സരത്തില്‍ നൈറ്റ് റൈഡേഴ്‌സിന് അനായാസം ജയം സമ്മാനിച്ചത്.
സ്വന്തം തട്ടകത്തില്‍ 236 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് മത്സരത്തിലെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അര്‍ഷിൻ കുല്‍ക്കര്‍ണിയെ നഷ്‌ടമായി. ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് നേടിയ താരത്തെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പറഞ്ഞയച്ചത്. മൂന്നാമനായെത്തിയ മാര്‍ക്കസ് സ്റ്റോയിനിസ് ക്യാപ്‌റ്റൻ കെഎല്‍ രാഹുലിനൊപ്പം ഒന്നിച്ചതോടെ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ സ്കോറും ഉയര്‍ന്നു.
50 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ലഖ്‌നൗ സ്കോര്‍ 70ല്‍ നില്‍ക്കെ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ രാഹുലിനെ (21 പന്തില്‍ 25) രമണ്‍ദീപിന്‍റെ കൈകളില്‍ എത്തിച്ച് ഹര്‍ഷിത് റാണയാണ് കെകെആറിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെയെത്തിയ ദീപക് ഹൂഡ (3 പന്തില്‍ 5) വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ അടുത്ത ഓവറില്‍ തന്നെ കൂടാരം കയറി.
പത്താം ഓവറിലെ ആദ്യ പന്തില്‍ ലഖ്‌നൗ ടോപ് സ്കോററായ മാര്‍ക്കസ് സ്റ്റോയിനിസിനെ (21 പന്തില്‍ 36) ആന്ദ്രേ റസല്‍ പറഞ്ഞയച്ചു. 12-ാം ഓവറില്‍ നിക്കോളസ് പുരാനും വീണതോടെ ലഖ്‌നൗസിന്‍റെ പതനം ഏറെക്കുറെ പൂര്‍ണമായിരുന്നു. എട്ട് പന്തില്‍ 10 റണ്‍സ് നേടിയ പുരാനെയും റസല്‍ ആണ് മടക്കിയത്.
പിന്നാലെ വന്നവരെല്ലാം അതിവേഗം മടങ്ങി. ആയുഷ് ബഡോണി (15), ആഷ്‌ടണ്‍ ടര്‍ണര്‍ (16), കൃണാല്‍ പാണ്ഡ്യ (5), യുദ്‌വീര്‍ സിങ് (7), രവി ബിഷ്‌ണോയ് (2) എന്നിവരാണ് പുറത്തായ മറ്റ് ലഖ്‌നൗ താരങ്ങള്‍. നവീൻ ഉള്‍ ഹഖ് (0) പുറത്താകാതെ നിന്നു. ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് പുറമെ കൊല്‍ക്കത്തയ്‌ക്കായി ആന്ദ്രേ റസല്‍ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, സുനില്‍ നരെയ്‌ൻ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 235 റണ്‍സ് നേടിയത്. 39 പന്തില്‍ 81 റണ്‍സ് അടിച്ചുകൂട്ടിയ സുനില്‍ നരെയ്‌ൻ ആയിരുന്നു മത്സരത്തില്‍ കെകെആറിന്‍റെ ടോപ് സ്കോറര്‍. 14 പന്തില്‍ 32 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടും 26 പന്തില്‍ 32 റണ്‍സ് അടിച്ച അംഗ്‌കൃഷ് രഘുവൻഷിയും ടീമിനായി തിളങ്ങി. ലഖ്‌നൗവിനായി നവീൻ ഉള്‍ ഹഖ് മൂന്ന് വിക്കറ്റാണ് മത്സരത്തില്‍ സ്വന്തമാക്കിയത്.
Also Read : ധര്‍മ്മശാലയില്‍ ജഡ്ഡു ഷോ; പഞ്ചാബിനെ തകര്‍ത്ത് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ - PBKS Vs CSK Result