എറണാകുളം: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി. ഇതര ജില്ലകളെ ബഹുദൂരം പിന്നിലാക്കി 1935 പോയിന്‍റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. കായിക മേളയിൽ ആദ്യാവസാനം തിരുവനന്തപുരത്തിന്‍റെ ആധിപത്യമായിരുന്നു.
ഗെയിംസിലെയും അക്വാട്ടിക്‌സിലെയും മികച്ച പ്രകടനമാണ് തിരുവനന്തപുരത്തിന് 1087 പോയിന്‍റ് ലീഡ് കിട്ടാൻ കാരണമായത്. 848 പോയിന്‍റോടെ തൃശ്ശൂര്‍ രണ്ടാമതായപ്പോള്‍ 824 പോയിന്‍റോടെ മലപ്പുറം മൂന്നാമതെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഏഴ് ദിനങ്ങളിലായി കൊച്ചിയിൽ നടന്ന കായിക മേള ഇന്ന് സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. കായികരംഗത്ത് കേരളത്തിന് നഷ്‌ടപ്പെട്ട പ്രൗഢി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂള്‍ കായിക മേളയിലൂടെ ഉയര്‍ന്ന് വരുന്ന താരങ്ങളില്‍ പലരും പിന്നീട് കായിക രംഗത്ത് നിന്നും അപ്രത്യക്ഷരാകുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ കായിക രംഗത്തിന് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ നാടായിരുന്നു കേരളം.
വനിത ഒളിമ്പ്യന്മാരെയടക്കം സൃഷ്‌ടിച്ച നാടാണ് നമ്മുടേത്. പിന്നീടെപ്പോഴോ കായിക രംഗത്തിന് പിന്നോട്ടുപോക്ക് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പങ്കെടുത്ത കായികതാരങ്ങളുടെ എണ്ണം നോക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ കായിക മേളകളിലൊന്നാണീ സംസ്ഥാന സ്‌കൂള്‍ കായികമേള.
2016 ലാണ് കായികമേളയെ 'കായികോത്സവം' എന്ന നിലയിലേക്ക് നമ്മള്‍ പരിവര്‍ത്തനപ്പെടുത്തിയത്. ഇത്തവണ മുതലാണ് ഒളിമ്പിക്‌സ് മാതൃകയില്‍ 'കേരള സ്‌കൂള്‍ കായികമേള' എന്ന പേരില്‍ കായികോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഈ മാതൃകയില്‍ വളരെ സമഗ്രവും വിശാലവുമായ രീതിയില്‍ കായികമേള സംഘടിപ്പിക്കുന്നത്.
നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി മത്സര വിധി നിര്‍ണയത്തില്‍ കൃത്യത പുലര്‍ത്താന്‍ മേളയ്ക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. എവര്‍ റോളിങ് ട്രോഫി തിരുവനന്തപുരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മൂന്ന് പേരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്. രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ മലപ്പുറം കെ കെ എം എച്ച് എസ് എസ് ചീക്കോടിലെ എം പി മുഹമ്മദ് അമീന്‍, കാസര്‍കോട് കുട്ടമത്ത് ജി എച്ച് എസ് എസിലെ കെ സി സര്‍വ്വന്‍, സ്പ്രിന്‍റിൽ ഡബിള്‍ നേടിയ തിരുവനന്തപുരം ജി വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലെ മുഹമ്മദ് അഷ്‌ഫാഖ് എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍. മൂന്ന് പേരും പത്ത് പോയിന്‍റ് നേടി തുല്യത പാലിച്ചപ്പോഴാണ് വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് മൂന്ന് പേർ അർഹരായത്.
പാലക്കാട് പറളി എച്ച് എസിലെ എം ജ്യോതിക വ്യക്തിഗത ചാമ്പ്യയായി. നാല് സ്വര്‍ണമാണ് ജ്യോതിക നേടിയത്. കഴിഞ്ഞ കൊല്ലവും ജ്യോതിക തന്നെയായിരുന്നു ഈ നേട്ടം കൈവരിച്ചത്.
ആര്‍ ശ്രേയ ആണ് ജൂനിയര്‍ പെണ്‍കുട്ടികളിലെ വ്യക്തിഗത ചാമ്പ്യയായത്. സെന്‍റ് ജോസഫ്‌സ് ജി എച്ച് എസ് എസ് ആലപ്പുഴയിലെ വിദ്യാര്‍ഥിയാണ് ശ്രേയ. ഫുട്‌ബോള്‍ താരം ഐ എം വിജയനാണ് 13 പോയിന്‍റ് നേടിയ ശ്രേയക്ക് ട്രോഫി സമ്മാനിച്ചത്.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ എം അമൃത് വ്യക്തിഗത ചാമ്പ്യനായി. കെ എച്ച് എസ് കുമരംപുത്തൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ട്രാക്കില്‍ ഹാട്രിക് സ്വര്‍ണമാണ് അമൃത് നേടിയത്. കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാ൪ പുരസ്‌കാരം നല്‍കി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പി കെ സായൂജ് വ്യക്തിഗത ചാമ്പ്യനായി. 11 പോയിന്‍റാണ് സായൂജ് നേടിയത്. സെന്‍റ് ജോര്‍ജ്‌സ് എച്ച് എസ് എസ് കുളത്തുവയലിലെ അല്‍ക്ക ഷിനോജ് 15 പോയിന്‍റോടെ സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ ചാമ്പ്യയായി.
അത്‌ലറ്റിക്‌സ് സമ്മാനം
അത്‌ലറ്റിക്‌സിലെ മികച്ച ജില്ലകള്‍ക്കുള്ള അവാര്‍ഡുകള്‍ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിതരണം ചെയ്‌തു. 247 പോയിന്‍റ് നേടിയ മലപ്പുറം ജില്ലയാണ് ഒന്നാമത്. പാലക്കാട് 213 പോയിന്‍റോടെ രണ്ടാമതും എറണാകുളം 73 പോയിന്‍റോടെ മൂന്നാം സ്ഥാനത്തുമെത്തി.
ഗെയിംസിലെ മികച്ച ജില്ല തിരുവനന്തപുരമാണ്. 1213 പോയിന്‍റാണ് തിരുവനന്തപുരം നേടിയത്. തൃശ്ശൂര്‍ 744 പോയിന്‍റോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 673 പോയിന്‍റോടെ കണ്ണൂര്‍ മൂന്നാമതെത്തി.
സ്‌കൂളുകളിൽ താരം മലപ്പുറം ഐഡിയൽ കടകശ്ശേരി
അത്‌ലറ്റിക്‌സിലെ മികച്ച സ്‌കൂളുകൾക്കുള്ള പുരസ്‌കാരം മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസ് സ്വന്തമാക്കി. തിരുവനന്തപുരം ജി വി രാജ സ്‌കൂള്‍ രണ്ടാം സ്ഥാനവും മലപ്പുറം തിരുനാവായ നാവാമുകുന്ദ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പുരസ്‌കാരം സമ്മാനിച്ചു.
സീനിയര്‍ കാറ്റഗറിയിൽ 835 പോയിന്‍റോടെ തിരുവനന്തപുരം മികച്ച ജില്ലയായി. 465 പോയിന്‍റോടെ മലപ്പുറം രണ്ടാമതും 410 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതുമെത്തി. ജൂനിയര്‍ കാറ്റഗറിയിലും തിരുവനന്തപുരം ചാമ്പ്യന്മാരായി. 671 പോയിന്‍റാണ് തിരുവനന്തപുരത്തിന് ലഭിച്ചത്. 252 പോയിന്‍റോടെ തൃശ്ശൂര്‍ രണ്ടാമതും 251 പോയിന്‍റോടെ പാലക്കാട് മൂന്നാമതുമായി.
സബ് ജൂനിയര്‍ കാറ്റഗറിയിലും തിരുവനന്തപുരം തന്നെയാണ് ഒന്നാമത്. 429 പോയിന്‍റാണ് തലസ്ഥാനത്തിന് ലഭിച്ചത്. തൃശ്ശൂരും പാലക്കാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 186 പോയിന്‍റ് തൃശ്ശൂ൪ നേടിയപ്പോൾ 164 പോയിന്‍റ് പാലക്കാട് നേടി.
Also Read : കായിക മേളയിലെ ഇൻക്ലുസീവ് ഫുട്ബോളിന് പ്രത്യേകതകളേറെ; പരിശീലകന്‍ പറയുന്നതിങ്ങനെ