തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് - തൃശൂര്‍ ടൈറ്റന്‍സ് മത്സരത്തില്‍ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങി തൃശൂർ ടൈറ്റൻസിന്‍റെ വിഷ്‌ണു വിനോദ്. വിഷ്‌ണു വിനോദിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് തൃശൂര്‍ ടൈറ്റന്‍സ് വിജയിച്ചത്. എട്ട് വിക്കറ്റിനായിരുന്നു തൃശൂര്‍ ടൈറ്റന്‍സിന്‍റെ ജയം.
ആലപ്പി ടീം ഉയര്‍ത്തിയ 182 റണ്‍സ് വിജയ ലക്ഷ്യം 12.4 ഓവറില്‍ തൃശൂര്‍ മറികടന്നു. ഓപ്പണറായി ഇറങ്ങിയ വിഷ്‌ണു വിനോദ് 45 പന്തില്‍ നിന്നും 17 സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 139 റണ്‍സാണ് അടിച്ചു കൂട്ടിയത്. 33 പന്തിലാണ് വിഷ്‌ണു സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ കെസിഎല്ലിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടവും വിഷ്‌ണു വിനോദിന് സ്വന്തമായി. കെസിഎല്ലിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കൊല്ലം സെയിലേഴ്‌സിന്‍റെ സച്ചിന്‍ ബേബിയാണ് കെസിഎല്ലിലെ ആദ്യ സെഞ്ചുറി ജേതാവ്.
വിഷ്‌ണുവിന്‍റെ ഓപ്പണിങ് പങ്കാളി അഹമ്മദ് ഇമ്രാൻ 18 പന്തിൽ 24 റൺസെടുത്തു. റിപ്പിൾസിന്‍റെ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ 58 പന്തിൽ 90 റൺസ് നേടി ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. എട്ട് മത്സരങ്ങളിൽ തൃശൂരിന്‍റെ മൂന്നാമത്തെ ജയമാണിത്.
നിലവില്‍ പോയിന്‍റ് പട്ടികയിൽ തൃശൂര്‍ ടൈറ്റൻസും ആലപ്പി റിപ്പിൾസും 6 പോയിന്‍റുമായി സമനിലയിലാണെങ്കിലും മികച്ച റൺ റേറ്റുമായി ടൈറ്റൻസാണ് ഒരുപടി മുന്നില്‍ നില്‍ക്കുന്നത്. 14 പോയിന്‍റുമായി കൊല്ലം സെയിലേഴ്‌സാണ് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
Also Read: കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ സെഞ്ച്വറി; സച്ചിന്‍ ബേബിയുടെ വെടിക്കെട്ടില്‍ കൊല്ലം സെയിലേഴ്‌സിന് ജയം