ടൊറന്‍റോ: ലേകമെമ്പാടുമുള്ള റെസ്ലിങ് ആരാധകരുടെ പ്രിയ താരം ജോണ്‍ സീന ഡബ്ല്യൂഡബ്ല്യൂഇയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടൊറന്‍റോയില്‍ ഇന്ന് നടന്ന 'മണി ഇൻ ദ ബാങ്ക്' ലൈവ് ഇവന്‍റിനിടെയാണ് താരത്തിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. 2025 ഡിസംബറോടെ മത്സരങ്ങള്‍ മതിയാക്കുമെന്ന് താരം പറഞ്ഞു.
'ദ ലാസ്റ്റ് ടൈം ഈസ് നൗ' എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു താരം റിങ്ങിലേക്ക് എത്തിയത്. ഇതേ വാചകം എഴുതിയ ടൗവ്വലും താരത്തിന്‍റെ പക്കലുണ്ടായിരുന്നു. അടുത്ത വര്‍ഷത്തെ റോയല്‍ റമ്പിള്‍, എലിമിനേഷൻ ചേമ്പര്‍, റെസല്‍മേനിയ 41 ഇവന്‍റുകളില്‍ ആയിരിക്കും താരത്തിന്‍റെ അവസാന മത്സരങ്ങള്‍.
BREAKING: @JohnCena announces retirement from in-ring competition, stating that #WrestleMania 41 in Las Vegas will be his last. pic.twitter.com/TB6U3QtO1h
— WWE (@WWE) July 7, 2024
വേള്‍ഡ് റെസ്ലിങ് എന്‍റര്‍ടൈൻമെന്‍റ് (ഡബ്ല്യൂഡബ്ല്യൂഇ) ചരിത്രത്തില്‍ കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുൻപന്തിയിലാണ് ജോണ്‍ സീനയുടെ സ്ഥാനം. 2001ല്‍ 24-ാം വയസിലാണ് സീന ഡബ്ല്യൂഡബ്ല്യൂഇയുമായി ആദ്യത്തെ കരാറില്‍ ഏര്‍പ്പെടുന്നത്. 2002ലായിരുന്നു താരത്തിന്‍റെ ആദ്യ മത്സരം.
അരങ്ങേറ്റത്തിന് പിന്നാലെ അതിവേഗം തന്നെ റെസ്ലിങ് പ്രേമികളുടെ പ്രിയ താരമായി മാറാൻ ജോണ്‍ സീനയ്‌ക്കായി. 2005ലാണ് ജോണ്‍ സീന ആദ്യമായി ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ഷിപ്പ് നേടിയത്. പിന്നീട്, കരിയറില്‍ 16 തവണ ലോക ചാമ്പ്യനായി. ഡബ്ല്യൂഡബ്ല്യൂഇ ചാമ്പ്യന്‍ഷിപ്പ് 13 വട്ടവും ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് മൂന്ന് തവണയുമാണ് ജോണ്‍ സീന സ്വന്തമാക്കിയത്. കൂടാതെ, ഡബ്ല്യൂഡബ്ല്യൂഇയിലെ മറ്റ് നേട്ടങ്ങളും താരത്തിന് സ്വന്തമാക്കാനായിട്ടുണ്ട്.
റെസ്ലിങ്ങിന് പുറമെ സിനിമ - ടിവി ഷോകളിലും സജീവമാണ് താരം. 2006ല്‍ ആയിരുന്നു സിനിമയില്‍ താരത്തിന്‍റെ അരങ്ങേറ്റം. 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9' ഉള്‍പ്പടെ നിരവധി ഹോളിവുഡ് ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്. തിരക്കുകളെ തുടര്‍ന്ന് 2018 മുതല്‍ ഭാഗിഗമായിട്ട് മാത്രമായിരുന്നു താരം ഡബ്ല്യൂഡബ്ല്യൂഇയില്‍ പങ്കെടുത്തിരുന്നു.