മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (Indian Super League) മുംബൈ സിറ്റി എഫ്‌സിയ്‌ക്കെതിരായ (Mumbai city FC) മത്സരത്തില്‍ പിണഞ്ഞ മണ്ടത്തരത്തിന് ജംഷഡ്‌പൂര്‍ എഫ്‌സിയ്‌ക്ക് (Jamshedpur FC) നല്‍കേണ്ടി വന്നത് കനത്ത വില. മാര്‍ച്ച് എട്ടിന് സ്വന്തം തട്ടകമായ ജെആര്‍ഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ മുംബൈയെ 1-1ന് സമനിലയില്‍ പിടിക്കാന്‍ ജംഷഡ്‌പൂരിന് കഴിഞ്ഞിരുന്നു.
എന്നാല്‍ കുറഞ്ഞത് ഏഴ് ആഭ്യന്തര താരങ്ങൾ പ്ലേയിങ് ഇലവനില്‍ ഉണ്ടാവണമെന്ന നിയമം ലംഘിച്ചതോടെ ടീമിനെതിരെ അച്ചടക്ക നടപടി എടുത്തിരിക്കുകയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (All India Football Federation). സമനിലയില്‍ പിരഞ്ഞ മത്സരത്തില്‍, ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മുംബൈ സിറ്റി വിജയിച്ചതായാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക സമിതി വിധിച്ചിരിക്കുന്നത്.
മത്സരത്തില്‍ വിദേശ താരങ്ങളുടെ എണ്ണം സംബന്ധിച്ച നിയമം ജംഷഡ്‌പൂര്‍ എഫ്‌സി പാലിച്ചില്ലെന്ന് കാട്ടി മുംബൈ സിറ്റി പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് മത്സരത്തിന്‍റെ ഫലം അധികൃതര്‍ പുനര്‍നിശ്ചയിച്ചിരിക്കുന്നത്. ജംഷഡ്‌പൂര്‍ എഫ്‌സിയ്‌ക്ക് എതിരായ മത്സരത്തില്‍ വിജയിച്ചതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലീഡ് ഉയര്‍ത്താന്‍ മുംബൈ സിറ്റിക്ക് കഴിഞ്ഞു.
19 മത്സരങ്ങളില്‍ നിന്നും 41 പോയിന്‍റാണ് മുംബൈക്കുള്ളത്. 12 മത്സരങ്ങളില്‍ വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വികളുമാണ് ടീമിന്‍റെ അക്കൗണ്ടിലുള്ളത്. നിലവില്‍ രണ്ടാം സ്ഥാനക്കാരായ മോഹന്‍ ബഗാനേക്കാള്‍ രണ്ട് പോയിന്‍റിന്‍റെ ലീഡാണ് മുംബൈക്കുള്ളത്. 18 കളികളില്‍ നിന്നും 12 വിജയം നേടിയ ടീമിന്‍റെ മൂന്ന് വീതം മത്സരങ്ങള്‍ സമനിലയിലും തോല്‍വിയിലും കലാശിച്ചു.
സമനിലയ്‌ക്ക് ലഭിച്ച പോയിന്‍റ് നഷ്‌ടമായതോടെ ജംഷഡ്‌പൂര്‍ എഫ്‌സി എട്ടാം സ്ഥാനത്തേക്ക് വീണു. രണ്ട് സ്ഥാനങ്ങളാണ് ജംഷഡ്‌പൂര്‍ താഴെയിറങ്ങിയത്. 19 മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റാണ് നിലവില്‍ ടീമിനുള്ളത്. അഞ്ച് വീതം ജയവും സമനിലയും നേടിയ ജംഷഡ്‌പൂര്‍ ഒമ്പത് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയിരുന്നു.
ALSO READ: പരിക്കാണ്..സൗഹൃദ മത്സരത്തിന് മെസിയുണ്ടാകില്ല... നിരാശ ആരാധകർക്ക്
അതേസമയം 19 മത്സരങ്ങളില്‍ നിന്നും 36 പോയിന്‍റുള്ള എഫ്‌സി ഗോവയാണ് മൂന്നാമതുള്ളത്. 18 കളികളില്‍ 35 പോയിന്‍റുള്ള ഒഡിഷ എഫ്‌സി നാലാമതും ഇത്രയും മത്സരങ്ങളില്‍ നിന്നും 29 പോയിന്‍റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാതുമാണുള്ളത്. അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളും ലോകകപ്പ് യോഗ്യത മത്സരങ്ങളും നടക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ഇടവേളയിലാണ് ഐഎസ്‌എല്ലുള്ളത്. മാര്‍ച്ച് 30-നാണ് ലീഗ് വീണ്ടും പുനരാരംഭിക്കുക.