ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ( IPL 2024) ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ (Chennai Super Kings) നായകനായുള്ള അരങ്ങേറ്റത്തില്‍ വിജയത്തുടക്കം കുറിക്കാന്‍ യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിന് (Ruturaj Gaikwad) കഴിഞ്ഞിരുന്നു. 17-ാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് (Royal Challengers Bengaluru) ചെന്നൈ ജയിച്ച് കയറിയത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും ചെന്നൈയുടെ ഇതിഹാസ താരം എംഎസ് ധോണിയായിരുന്നു (MS Dhoni) മത്സരത്തില്‍ ശ്രദ്ധാകേന്ദ്രം.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബോള്‍ ചെയ്യാന്‍ ഇറങ്ങിയ ചെന്നൈക്കായി വിക്കറ്റിന് പിന്നില്‍ ധോണി നിലയുറപ്പിച്ചിരുന്നു. പുതിയ ക്യാപ്റ്റന്‍ റുതുരാജിന് നിര്‍ദേശങ്ങള്‍ നല്‍കിയും പിന്നീട് സ്വയം ഫീല്‍ഡ് സെറ്റ് ചെയ്തതും ധോണി തന്‍റെ സാന്നിധ്യം അറിയിച്ചു. ധോണിയെ ആയിരുന്നു ക്യാമറ കണ്ണുകള്‍ ഏറെ സമയം സ്‌ക്രീനില്‍ കാണിച്ചുകൊണ്ടേയിരുന്നത്.
ഇതോടെ റുതുരാജാണ് ചെന്നൈയുടെ ക്യാപ്റ്റനെന്ന് ക്യാമറാമാനെ ഓര്‍മ്മിപ്പിക്കേണ്ട അവസ്ഥയും വന്നു. മത്സരത്തിന്‍റെ ഹരിയാൻവി കമന്‍ററിക്കിടെ ഇന്ത്യയുടെ ഇതിഹാസ താരം വിരേന്ദര്‍ സെവാഗാണ് (Virender Sehwag) റുതുവിന്‍റെ മുഖം കൂടി കാണിക്കാന്‍ ക്യാമറാമാനോട് ആവശ്യപ്പെട്ടത്. 'സഹോദരാ, ദയവായി റുതുരാജിന്‍റെ മുഖവും കാണിക്കൂ. ചെന്നൈയുടെ ക്യാപ്റ്റന്‍ അവനാണ്. ക്യാമറാമാൻ ധോണിയുടെ മുഖം മാത്രമാണ് കാണിക്കുന്നത്' എന്നായിരുന്നു സെവാഗ് പറഞ്ഞത്.
ഐപിഎല്ലിന്‍റെ തലേന്നാണ് ചെന്നൈയുടെ നായക സ്ഥാനം ഒഴിയുന്നതായി 42-കാരനായ ധോണി പ്രഖ്യാപിച്ചത്. 2022 സീസണിന് മുന്നോടിയായി ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്‌ക്ക് കൈമാറിയിരുന്നുവെങ്കിലും ടീം തുടര്‍ തോല്‍വികള്‍ വഴങ്ങിയതോടെ ധോണി ചുമതലയിലേക്ക് തിരികെ എത്തുകയായിരുന്നു.
അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ആറ് വിക്കറ്റുകള്‍ക്കാണ് ചെന്നൈ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 173 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 25 പന്തില്‍ 48 റണ്‍സ് നേടിയ അനുജ് റാവത്ത്, 26 പന്തില്‍ 38* റണ്‍സടിച്ച ദിനേശ് കാര്‍ത്തിക്, 23 പന്തില്‍ 35 റണ്‍സ് കണ്ടെത്തിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ നിര്‍ണായകമായി. വിരാട് കോലിക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. 20 പന്തില്‍ 21 റണ്‍സ് മാത്രമാണ് താരം നേടിയത്.
നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ മുസ്‌തഫിസുർ റഹ്മാനാണ് ചെന്നൈക്കായി മിന്നിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 28 പന്തില്‍ പുറത്താവാതെ 34 റണ്‍സടിച്ച ശുവം ദുംബൈ ടോപ് സ്‌കോററായി. 17 പന്തില്‍ പുറത്താവാതെ 25 റണ്‍സുമായി രവീന്ദ്ര ജഡേജ പിന്തുണ നല്‍കി. രചിന്‍ രവീന്ദ്ര (15 പന്തില്‍ 37), അജിങ്ക്യ രഹാനെ (19 പന്തില്‍ 27), എന്നിവരും കാര്യമായ സംഭാവന നല്‍കി.