ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ഹൈദരാബാദ് വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈയെ 165 റണ്‍സില്‍ പിടിച്ച് കെട്ടിയ ആതിഥേയര്‍ 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു.
അഭിഷേക് ശർമ തുടങ്ങിയ വെടിക്കെട്ട് ട്രാവിസ് ഹെഡ്, എയ്‌ഡന്‍ മാർക്രം എന്നിവര്‍ ഏറ്റുപിടിച്ചതോടെയാണ് ഹൈദരാബാദ് അനായാസ വിജയത്തിലേക്ക് എത്തിയത്. 36 പന്തില്‍ 50 റണ്‍സടിച്ച എയ്‌ഡന്‍ മാര്‍ക്രം ടീമിന്‍റെ ടോപ് സ്‌കോററായി. ഇംപാക്‌ട് പ്ലെയറായി ഓപ്പണിങ്ങിന് എത്തിയ ട്രാവിസ് ഹെഡിനെ രണ്ടാം പന്തില്‍ തന്നെ പുറത്താക്കാനുള്ള അവസരം ചെന്നൈ നഷ്‌ടപ്പെടുത്തി.
എന്നാല്‍ ഒരറ്റത്ത് സഹ ഓപ്പണറായ അഭിഷേക് ശർമ വെടിക്കെട്ടിന് തിരികൊളുത്തി. രണ്ടാം ഓവര്‍ എറിയാനെത്തിയ മുകേഷ് ചൗധരിക്കെതിരെ മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറികളും സഹിതം 27 റണ്‍സാണ് അഭിഷേക് അടിച്ചത്. തൊട്ടടുത്ത ഓവറില്‍ ദീപക് ചഹാറിനെതിരെയും അഭിഷേക് പ്രഹരം തുടര്‍ന്നുവെങ്കിലും നാലാം പന്തില്‍ രവീന്ദ്ര ജഡേജയുടെ കയ്യില്‍ ഒതുങ്ങി. മടങ്ങും മുമ്പ് തന്‍റെ സംഭാവനയായി 12 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുകളും സഹിതം 37 റണ്‍സ് ഹൈദരാബാദ് ടോട്ടലില്‍ ചേര്‍ക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
തുടര്‍ന്ന് ഒന്നിച്ച എയ്‌ഡന്‍ മാര്‍ക്രം- ട്രവിഡ് ഹെഡ് സഖ്യം ഹൈദരാബാദിനെ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് നയിച്ചു. 9-ാം ഓവറില്‍ ടീം 100 കടന്നു. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ മഹീഷ് തീക്ഷണ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. ഹെഡിനെ (24 പന്തില്‍ 31) ഡീപ് ബാക്ക്‌വേഡ് സ്ക്വയറില്‍ രചിന്‍ രവീന്ദ്ര പിടികൂടി. ഹെഡ് മടങ്ങിയതിന് പിന്നാലെ ഹൈദരാബാദ് ഇന്നിങ്‌സിന് വേഗം കുറഞ്ഞു.
ചെന്നൈ സ്‌പിന്നര്‍മാര്‍ക്ക് എതിരെ സിംഗിളുകളിലൂടെയാണ് ഹൈദരാബാദ് താരങ്ങള്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. അർധസെഞ്ചുറി തികച്ചതിന് തൊട്ടുപിന്നാലെ തന്നെ എയ്‌ഡന്‍ മാര്‍ക്രത്തെ വീഴ്‌ത്താന്‍ മൊയിന്‍ അലിക്ക് കഴിഞ്ഞു. റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച താരം വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഷഹ്ബാസ് അഹമ്മദിനെയും (19 പന്തില്‍ 18) സമാന രീതിയില്‍ മൊയിന്‍ അലി വിക്കറ്റിന് മുന്നില്‍ കുരുക്കി. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ഹെന്‍റിച്ച് ക്ലാസനും (11 പന്തില്‍ 10*), നിതീഷ് റെഡ്ഡിയും (8 പന്തില്‍ 14*) ചേര്‍ന്ന് ഹൈദരാബാദിന്‍റെ വിജയം ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു 165 റണ്‍സിലേക്ക് എത്തിയത്. ശിവം ദുബെയാണ് (24 പന്തില്‍ 45) ടോപ് സ്കോറർ. 12- ഓവറില്‍ 100 റണ്‍സ് കടന്ന ചെന്നൈയെ പിന്നീട് ഹൈദരാബാദ് ബോളര്‍മാര്‍ പിടിച്ച് കെട്ടുകയായിരുന്നു.
ALSO READ: അടി മാത്രമല്ല, പാട്ടും ഇവിടെ വഴങ്ങും; 'ബോലെ ജോ കോയല്‍' പാടി ധോണി - MS Dhoni Sings Bole Jo Koyal
അവസാന അഞ്ച് ഓവറുകളില്‍ വെറും 37 റണ്‍സ് മാത്രമാണ് ചെന്നൈക്ക് നേടാന്‍ കഴിഞ്ഞത്. മത്സരത്തിലെ ടേണിങ് പോയിന്‍റായി ഇതു മാറുകയും ചെയ്‌തു. രചിന്‍ രവീന്ദ്ര (9 പന്തില്‍ 12), റുതുരാജ് ഗെയ്‌ക്‌വാദ് (21 പന്തില്‍ 26), അജിങ്ക്യ രഹാനെ (30 പന്തില്‍ 35), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ 13), രവീന്ദ്ര ജഡേജ (31*), എംഎസ് ധോണി (1*) എന്നിങ്ങനെയാണ് മറ്റ് താരങ്ങള്‍ നേടിയത്.