മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായി പോയിന്‍റ് ടേബിളില്‍ ഒന്നാമതാണ് രാജസ്ഥാന്‍ റോയല്‍സ്. തട്ടകമായ വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ തീര്‍ത്താണ് രാജസ്ഥാന്‍ പോയിന്‍റ് ടേബിളില്‍ തലപ്പത്തേക്ക് കയറിയത്. സീസണിലെ കന്നി വിജയം തേടി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ നിഷ്‌പ്രഭരാക്കിക്കൊണ്ട് ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മത്സരം പിടിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈയെ ട്രെന്‍റ് ബോള്‍ട്ടും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്ന് പിടിച്ചുകെട്ടിയപ്പോള്‍ അപരാജിത അര്‍ധ സെഞ്ചുറി നേടിയ റിയാന്‍ പരാഗാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്. ഇതിന് പിന്നാലെ മത്സരത്തില്‍ ഏറ്റവും നിര്‍ണായകമായത് ടോസായിരുന്നുവെന്ന് പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍.
"ഗെയിം ചേഞ്ചറായത് ടോസാണെന്നാണ് ഞാൻ കരുതുന്നത്. പേസര്‍മാര്‍ക്ക് പിന്തുണ നല്‍കുന്നതായിരുന്നു പിച്ച്. ട്രെന്‍റ് ബോള്‍ട്ടിന്‍റേയും നാന്ദ്രെ ബര്‍ഗറുടേയും അനുഭവസമ്പത്ത് ഞങ്ങളെ സഹായിച്ചു. ബോള്‍ട്ട് ഏറെ പരിചയ സമ്പന്നനായ താരമാണ്.
ഇതു തന്നെയായിരുന്നു ന്യൂബോളില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചത്. പക്ഷെ, 4-5 വിക്കറ്റുകൾ വീഴുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ബോളര്‍മാര്‍ നന്നായി തന്നെ പന്തെറിയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു" - സഞ്‌ജു സാംസണ്‍ പറഞ്ഞു.
അതേസമയം മത്സരത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത മുംബൈയെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 125 റണ്‍സില്‍ പിടിച്ചുകെട്ടാന്‍ രാജസ്ഥാന് കഴിഞ്ഞു. രോഹിത് ശര്‍മ, നമാന്‍ ധിര്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെ ട്രെന്‍റ് ബോള്‍ട്ട് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതിരുന്നതോടെ മുംബൈയുടെ തുടക്കം പാളി.
പിന്നാലെ ഇഷാന്‍ കിഷനും മടങ്ങുമ്പോള്‍ മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ക്യാപ്റ്റന്‍ ഹാര്‍ദിക് പണ്ഡ്യ (21 പന്തില്‍ 34), തിലക് വര്‍മ (29 പന്തില്‍ 32) എന്നിവര്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും ചാഹലും അശ്വിനും ചേര്‍ന്ന് ടീമിനെ വരിഞ്ഞ് മുറുക്കി. ആവേശ് ഖാനും ബര്‍ഗറും ചേര്‍ന്ന് പിന്തുണ നല്‍കുകയും ചെയ്‌തു.
മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 15.3 ഓവറില്‍ നാലിന് 127 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അപരാജിത അര്‍ധ സെഞ്ചുറി നേടിയ റിയാന്‍ പരാഗാണ് ടീമിന് അനായാസ വിജയം ഒരുക്കിയത്. 39 പന്തില്‍ പുറത്താവാതെ അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 54 റണ്‍സായിരുന്നു താരം നേടിയത്.