ബെംഗളൂരു: ഐപിഎല്‍ ആവേശത്തിലാണ് നിലവില്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. മാര്‍ച്ച് 22ന് ചെന്നൈ ബാംഗ്ലൂര്‍ പോരാട്ടത്തോടെ കൊടിയേറിയ ടൂര്‍ണമെന്‍റില്‍ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇതില്‍ മൂന്ന് ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വില അറിയാത്തത്.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയല്‍സ് ടീമുകള്‍ക്കാണ് ടൂര്‍ണമെന്‍റില്‍ മികച്ച തുടക്കം ലഭിച്ചിരിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ ഈ ടീമുകള്‍ക്കായി. ആദ്യ പത്ത് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഇതേ ടീമുകള്‍ തന്നെ.
ആര്‍സിബി, ഗുജറാത്ത് ടൈറ്റൻസ് ടീമുകള്‍ക്കെതിരെ ജയിച്ച നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 1.979 നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തിലാണ് സിഎസ്‌കെ പോയിന്‍റ് പട്ടികയുടെ തലപ്പത്ത് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ഇന്നലെ, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പ്പിച്ചതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
നാല് പോയിന്‍റുള്ള അവര്‍ക്ക് 1.047 ആണ് നെറ്റ് റണ്‍റേറ്റ്. 0.800 റണ്‍റേറ്റുമായിട്ടാണ് രാജസ്ഥാൻ റോയല്‍സ് മൂന്നാം സ്ഥാനത്ത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ഡല്‍ഹി കാപിറ്റല്‍സ് ടീമുകള്‍ക്കെതിരെയായിരുന്നു സഞ്ജുവും കൂട്ടരും ആദ്യ മത്സരങ്ങള്‍ ജയിച്ചത്.
രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ പോയിന്‍റ് പട്ടികയിലെ നാല്, അഞ്ച് സ്ഥാനക്കാരാണ്. ഹൈദരാബാദിന് 0.675 നെറ്റ് റണ്‍റേറ്റും പഞ്ചാബിന് 0.025 നെറ്റ് റണ്‍റേറ്റുമാണ് നിലവില്‍. ഇതുവരെ കൂടുതല്‍ മത്സരം കളിച്ച ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു.
മൂന്ന് മത്സരം കളിച്ച അവര്‍ക്ക് ഒരു കളിയില്‍ മാത്രമാണ് ജയിക്കാൻ സാധിച്ചത്. പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ആര്‍സിബി. -0.711 ആണഅ അവരുടെ നെറ്റ് റണ്‍റേറ്റ്.
രണ്ട് കളിയില്‍ ഒരു ജയം സ്വന്തമായുള്ള ഗുജറാത്ത് ടൈറ്റൻസാണ് ഏഴാം സ്ഥാനക്കാര്‍. -0.711 ആണ് ഗില്ലിന്‍റെയും കൂട്ടരുടെയും നെറ്റ് റണ്‍റേറ്റ്. ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ടീമുകളാണ് പോയിന്‍റ് പട്ടികയില്‍ യഥാക്രമം എട്ട് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍. രണ്ട് മത്സരം കളിച്ച ഡല്‍ഹി, മുംബൈ ടീമുകള്‍ക്കും ഒരു മത്സരം മാത്രം കളിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും ജയങ്ങള്‍ ഒന്നും നേടാൻ ഇതുവരെ സാധിച്ചിട്ടില്ല.