മുംബൈ: ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് താരങ്ങള്‍ പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് മുന്‍പ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ അവസാന അന്താരാഷ്‌ട്ര പരമ്പരയാണ് പാകിസ്ഥാനെതിരെ. മെയ് 22ന് ആരംഭിച്ച് 30ന് അവസാനിക്കുന്ന പരമ്പരയില്‍ നാല് മത്സരങ്ങളാണ് ഇംഗ്ലണ്ട് കളിക്കുക.
നേരത്തെ, ഈ പരമ്പരയ്‌ക്കായി താരങ്ങളെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തിരികെ വിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ടൂര്‍ണമെന്‍റിന്‍റെ നിര്‍ണായക ഘട്ടത്തില്‍ താരങ്ങളെ വിട്ടുനല്‍കാൻ ഫ്രാഞ്ചൈസികള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തിന് മുന്‍പ് തന്നെ തങ്ങളുടെ താരങ്ങളുടെ ലഭ്യത ടൂര്‍ണമെന്‍റില്‍ ഉടനീളം ഉണ്ടായിരിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിരുന്നതായി ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇസിബിയുടെ ഈ വാക്ക് അവര്‍ പാലിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്കായി ഇംഗ്ലീഷ് താരങ്ങള്‍ മടങ്ങിയാല്‍ കനത്ത പ്രഹരമേല്‍ക്കുക മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയല്‍സിനും ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുമായിരിക്കും. നിലവില്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച രണ്ട് ടീമുകളാണ് രാജസ്ഥാനും കൊല്‍ക്കത്തയും. പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് ഈ ടീമുകള്‍.
താരങ്ങളെ തിരികെ വിളിക്കാനുള്ള തീരുമാനത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ രാജസ്ഥാന് ഓപ്പണര്‍ ജോസ് ബട്‌ലറുടെ സേവനം നഷ്‌ടമായേക്കും. മിന്നും ഫോമിലുള്ള ബട്‌ലര്‍ മടങ്ങിയാല്‍ നിര്‍ണായക ഘട്ടത്തില്‍ റോയല്‍സിന് ഓപ്പണിങ്ങില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ടി വരും. ഏറെക്കുറെ സമാനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ കാര്യവും.
കൊല്‍ക്കത്തയ്‌ക്ക് വേണ്ടി ഈ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയത് ഓപ്പണറായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ടാണ്. സുനില്‍ നരെയ്‌നൊപ്പം സാള്‍ട് നല്‍കുന്ന മികച്ച തുടക്കമാണ് മിക്ക മത്സരത്തിലും കൊല്‍ക്കത്തയുടെ പ്രകടനങ്ങളില്‍ നിര്‍ണായകമായിട്ടുള്ളത്.