മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ബോളിങ് തിരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സിന്‍റെ തട്ടകമായ വാങ്കഡെയിലാണ് മത്സരം നടക്കുന്നത്.
പിച്ചില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സഞ്‌ജു സാംസണ്‍ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളില്‍ ചെയ്‌തത് ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. പരിക്കേറ്റ സന്ദീപ് ശര്‍മയ്‌ക്ക് പകരം നാന്ദ്രെ ബര്‍ഗര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയതായും സഞ്‌ജു അറിയിച്ചു.
ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ആദ്യം ബോള്‍ ചെയ്യാനായിരുന്നു തങ്ങളും പദ്ധതിയിട്ടിരുന്നതെന്ന് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പ്രതികരിച്ചു. തങ്ങള്‍ എപ്പോഴും ഭാവിയാണ് മുന്നില്‍ കാണുന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എല്ലാവരും ആസ്വദിക്കുന്ന ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലെന്നും ഹാര്‍ദിക് വ്യക്തമാക്കി.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), രോഹിത് ശർമ, നമൻ ധിർ, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാൾഡ് കോറ്റ്‌സി, പിയൂഷ് ചൗള, ആകാശ് മധ്‌വാൾ, ജസ്പ്രീത് ബുംറ, ക്വേന മഫാക.
മുംബൈ ഇന്ത്യൻസ് സബ്‌സ്: ഡെവാൾഡ് ബ്രെവിസ്, നുവാൻ തുഷാര, റൊമാരിയോ ഷെപ്പേർഡ്, നെഹാൽ വാധേര, ഷംസ് മുലാനി
രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോഷ് ബട്‌ലർ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, അവേഷ് ഖാൻ, നാന്ദ്രെ ബർഗർ, യുസ്‌വേന്ദ്ര ചാഹൽ.
രാജസ്ഥാൻ റോയൽസ് സബ്‌സ്: റോവ്മാൻ പവൽ, തനുഷ് കോട്ടിയൻ, കുൽദീപ് സെൻ, ശുഭം ദുബെ, ആബിദ് മുഷ്‌താഖ്.
സീസണില്‍ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കളിച്ച രണ്ടിലും വിജയിച്ചാണ് രാജസ്ഥാന്‍റെ വരവ്. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനേയും പിന്നീട് ഡല്‍ഹി ക്യാപിറ്റല്‍സിനെയുമായിരുന്നു രാജസ്ഥാന്‍ കീഴടക്കിയത്. ഇന്ന് വാങ്കഡെയില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ പോയിന്‍റ് ടേബിളില്‍ തലപ്പത്ത് എത്താനും രാജസ്ഥാന് കഴിയും.
മറുവശത്ത് കളിച്ച രണ്ട് മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ഗുജറാത്ത് ടൈറ്റന്‍സിനോടും പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടുമായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ തോല്‍വി. ഇതോടെ സ്വന്തം തട്ടകത്തില്‍ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന മുംബൈയുടെ മനസില്‍ ജയം തന്നെയാവും ലക്ഷ്യം.