മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണില്‍ തുടര്‍ തോല്‍വികളാല്‍ വലയുകയാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ ഏഴിലും ടീം തോല്‍വി വഴങ്ങി. ഇതിന് പിന്നാലെ മുംബൈയെ ക്യാപ്റ്റന്‍സി വിവാദം ഏറെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.
മുംബൈ ക്യാമ്പില്‍ വ്യത്യസ്‌ത ഗ്രൂപ്പുകളുണ്ടെന്ന് തനിക്ക് തോന്നുന്നു. പുറത്ത് കാണുന്നതില്‍ ഏറെ കാര്യങ്ങള്‍ ഡ്രസ്സിങ് റൂമിന്‍റെ അകത്ത് നടക്കുന്നതായുമാണ് മൈക്കല്‍ ക്ലാര്‍ക്ക് പ്രതികരിച്ചിരിക്കുന്നത്. സീസണില്‍ മുംബൈക്ക് പ്ലേ ഓഫിലേക്ക് എത്താന്‍ കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഓസീസ് മുന്‍ നായകന്‍ പറഞ്ഞു.
"ഈ ഐപിഎൽ മുഴുവൻ മുംബൈയെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫിൽ എത്തുക എന്നത് ഒരു ആഗ്രഹം മാത്രമാണെന്ന് ഞാന്‍ കരുതുന്നു. പുറത്ത് കാണുന്നതിനേക്കാൾ വളരെയധികം കാര്യങ്ങൾ അവരുടെ ഡ്രസ്സിങ് റൂമില്‍ നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. മുംബൈക്ക് ഏറെ നല്ല കളിക്കാരുണ്ട്.
എന്നാല്‍ അവരുടെ പ്രകടനത്തിന് സ്ഥിരതയില്ല. അതിനാൽ, ഡ്രസ്സിങ് റൂമില്‍ വ്യത്യസ്‌ത ഗ്രൂപ്പുകളുണ്ടെന്ന് ഞാൻ കരുതുന്നു. അവിടെ കാര്യങ്ങള്‍ ശരിയായല്ല നടക്കുന്നത്. അവര്‍ ഒരു ടീമായല്ല കളിക്കുന്നത്" -മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.
വലിയ ടൂര്‍ണമെന്‍റ് വിജയിക്കണമെങ്കില്‍ വ്യക്തിഗത പ്രകടനങ്ങള്‍ മാത്രം പോരെന്നും ഓസ്‌ട്രേലിയയ്‌ക്ക് 2015-ലെ ലോകകപ്പ് നേടിക്കൊടുത്ത ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. "വ്യക്തിഗത മികവിന് ചില മത്സരങ്ങളില്‍ അവരെ വിജയിപ്പിക്കാന്‍ കഴിഞ്ഞേക്കും.
രോഹിത് ശർമ മറ്റൊരു സെഞ്ചുറി നേടുകയോ ഹാർദിക് ബാറ്റുകണ്ട് മികച്ച പ്രകടനം നടത്തുകയോ, അല്ലെങ്കില്‍ ജസ്‌പ്രീത് ബുംറ വീണ്ടും തിളങ്ങുകയോ ചെയ്‌താല്‍ മുംബൈക്ക് വീണ്ടും വിജയിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ വലിയ ടൂര്‍ണമെന്‍റുകള്‍ വിജയിക്കണമെങ്കില്‍ നിങ്ങള്‍ ഒരു ടീമായിരിക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ അവർ ഒരു ടീമായി നന്നായി കളിച്ചിട്ടില്ല" -മൈക്കല്‍ ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ഇറങ്ങും മുമ്പായിരുന്നു ഓസീസ് മുന്‍ നായകന്‍ ഇക്കാര്യം പറഞ്ഞത്. മത്സരത്തില്‍ മുംബൈ നാല് വിക്കറ്റുകള്‍ക്ക് തോല്‍ക്കുകയും ചെയ്‌തിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ നാല് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സായിരുന്നു നേടിയത്. മറുപടിക്ക് ഇറങ്ങിയ ലഖ്‌നൗ 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 145 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. തോല്‍വിയോടെ മുംബൈ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു.