ന്യൂഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) സ്ഥാനത്ത് നിന്നും പിടി ഉഷയെ മാറ്റാൻ നീക്കം. ഐഎഒ യോഗത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ ഉഷയെ പുറത്താക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് സൂചന. ഈ മാസം 25ന് ചേരുന്ന യോഗത്തിലാകും ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുക എന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്‌തേക്കും. യോഗത്തിന് മുന്നോടിയായി എക്‌സിക്യൂട്ടീവ് കൗൺസിൽ തയ്യാറാക്കിയ 26 ഇന അജണ്ടയിൽ അവസാനമാണ് പിടി ഉഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, ഈ റിപ്പോര്‍ട്ടുകളെ തള്ളി പിടി ഉഷയുടെ ഓഫിസ് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ യോഗത്തിന്‍റേത് എന്ന പേരില്‍ പുറത്തുവന്ന അജണ്ട വ്യാജമാണെന്ന് പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു. ജോയിന്‍റ് സെക്രട്ടറി കല്യാണ്‍ ചൗബേ ഒപ്പിട്ട അജണ്ടയെ കുറിച്ച് അറിയില്ലെന്നും യോഗത്തിന്‍റെ യഥാര്‍ഥ അജണ്ടയില്‍ അവിശ്വാസ പ്രമേയം ഇല്ലെന്നുമാണ് ഐഎഒ ഓഫിസ് നല്‍കുന്ന വിവരം.
ഒക്‌ടോബര്‍ 25ന് യോഗം വിളിച്ച് പ്രസിഡന്‍റ് പിടി ഉഷ ഒപ്പിട്ട് അംഗങ്ങള്‍ക്ക് കൈമാറിയത് 16 പോയിന്‍റുകള്‍ ഉള്ള അജണ്ടയാണ്. മറ്റ് അംഗങ്ങള്‍ക്ക് എതിരായി ഷോ കോസ് നോട്ടിസ് ഉള്‍പ്പടെ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളാണ് അജണ്ടയില്‍. അവിശ്വാസ പ്രമേയത്തിന്‍റെ പേരില്‍ വ്യാജ അജണ്ട നല്‍കിയതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിടി ഉഷയുടെ ഓഫിസ് അറിയിച്ചു.
Also Read : പിടി ഉഷ പാരിസില്‍ കളിച്ചത് രാഷ്‌ട്രീയം, പിന്തുണ അഭിനയിച്ചു; തുറന്നടിച്ച് വിനേഷ് ഫോഗട്ട്