തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിനായി ഇന്ത്യ മികച്ച തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ. ഇന്ത്യൻ താരങ്ങൾ ഇത്തവണ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നും മെഡൽ പട്ടികയില്‍ ടോക്കിയോയിലെക്കാള്‍ ഏറെ മുന്നോട്ടു പോകുമെന്നും പി ടി ഉഷ പറഞ്ഞു. പാരിസില്‍ എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കായി ലോകോത്തര സൗകര്യങ്ങളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നതെന്നും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും ലഭിച്ചുവെന്നും പി ടി ഉഷ വ്യക്തമാക്കി.
"ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനം നല്‍കിയത് അതത് അസോസിയേഷനുകളാണ്. അവര്‍ക്കാവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കി.ഒരു സമ്മര്‍ദ്ദവുമില്ലാതെ താരങ്ങള്‍ക്ക് ട്രാക്കിലിറങ്ങാന്‍ കഴിയണം. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒളിമ്പിക്‌സിലെ അനുഭവങ്ങള്‍ കൂടികണക്കിലെടുത്ത് പോരായ്‌മകൾ മറികടക്കാന്‍ വേണ്ടത് ചെയ്തിട്ടുണ്ട്.. ഗോൾഫ് മത്സരം നടക്കുന്ന വേദിക്കടുത്ത് തന്നെ താരങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കും അവർക്ക് അനുയോജ്യമായ സ്ഥലത്താണ് താമസമൊരുക്കിയത്. കഴിഞ്ഞ തവണ ഒളിമ്പിക് വില്ലേജില്‍ നിന്ന് ഏറെ അകലെയാണ് ഇവരുടെ മല്‍സര വേദിയെന്ന പരാതിയുണ്ടായിരുന്നു.
സാധാരണ കണ്ടുവരുന്നതിൽ നിന്നും വ്യത്യസ്‌തമായി സുസജ്ജമായ മെഡിക്കൽ സംഘവും ഇത്തവണ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌പോർട്‌സ് സയൻസ് ഡോക്‌ടറാണ് ഈ സംഘത്തെ നയിക്കുന്നത്. ഡോക്‌ടർമാർക്ക് പുറമെ ഫിസിയോ, ന്യൂട്രീഷ്യനിസ്റ്റ്, തെറാപ്പിസ്റ്റുകൾ എന്നിവരും സംഘത്തിലുണ്ട്. ഒപ്പം താരങ്ങളുടെ മാനസിക സംഘർഷങ്ങളും പിരിമുറക്കങ്ങളും കൈകാര്യം ചെയ്യുന്ന വിദഗ്‌ധരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
താരങ്ങളുടെ മാനസിക, ശാരീരിക ആരോഗ്യം നിലനിര്‍ത്താന്‍ പ്രത്യേക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ താരങ്ങൾക്ക് പ്രത്യേക റിക്കവറി സെന്‍ററുകളും സജ്ജമാണ്. കൂടാതെ 'ഇന്ത്യ ഹൗസ് ഇന്‍ പാരിസ്' എന്ന പേരില്‍ പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്. ഒളിമ്പിക് അസോസിയേഷനും റിലയൻസും ചേർന്നുകൊണ്ടാണ് പവലിയൻ സജ്ജമാക്കിയത്." ആദ്യമായാണ് ഇത്തരത്തിൽ ഇന്ത്യ ഹൗസ് നിലവിൽ വരുന്നതെന്നും പി ടി ഉഷ വ്യക്തമാക്കി." 2036 ല്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ബിഡിങ്ങിനൊരുങ്ങുകയാണ്. അപ്പോഴേക്കും മെഡല്‍ പട്ടികയില്‍ ആദ്യ പത്തിനിടയിലെത്താന്‍ നമുക്കാവണം.10 വര്‍ഷം കൊണ്ട് നമുക്കതിന് സാധിക്കും'. പിടി ഉഷ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി ടി ഉഷ. എതിരില്ലാതെ ആയിരുന്നു പി ടി ഉഷ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒളിമ്പിക്‌സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ, 'പയ്യോളി എക്‌സ്‌പ്രസ്', ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡിലെ രാജ്ഞി എന്നെല്ലാം അറിയപ്പെടുന്ന പി ടി ഉഷ അത്‍ലറ്റിക്‌സിൽ നൂറിലേറെ രാജ്യാന്തര മെഡലുകൾ നേടിയിട്ടുണ്ട്.
ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലുമായി 19 സ്വർണമടക്കം 33 മെഡലുകൾ ഇവർ നേടി. തുടർച്ചയായ 4 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റ് കൂടിയാണ് പി ടി ഉഷ. 1985ലെ ജക്കാർത്ത ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 5 സ്വർണമടക്കം 6 മെഡലുകളായിരുന്നു ഉഷ ഇന്ത്യയ്‌ക്ക് വേണ്ടി നേടിയത്.
1984ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ 400 മീറ്റർ ഹര്‍ഡിൽസിൽ സെക്കൻഡിന്‍റെ നൂറിലൊരംശത്തിലാണ് ഉഷയ്‌ക്ക് ഹര്‍ഡിൽക്‌സ് മെഡൽ നഷ്‌ടമായത്. അന്ന് ഉഷ നടത്തിയ 55.42 സെക്കൻഡ് പ്രകടനം വനിതകളുടെ 400 മീറ്റർ ഹര്‍ഡിൽസിലെ ദേശീയ റെക്കോർഡായിരുന്നു. ഇന്നും ആ റെക്കോർഡിന് ഇളക്കം തട്ടിയിട്ടില്ല. 1980 മുതൽ ഇതുവരെയുള്ള ഒളിമ്പിക്‌സുകളിൽ ബാര്‍സലോണ, ബെയ്ജിങ്ങ്, ടോക്കിയോ ഒളിമ്പിക്‌സുകളൊഴികെ ബാക്കിയുള്ള എല്ലാ മേളകളിലും അത്‌ലറ്റായും ഒബ്‌സർവറായും കോച്ചായും പി ടി ഉഷ പങ്കെടുത്തിട്ടുണ്ട്.
ALSO READ: പാരിസ് ഒളിമ്പിക്‌സിൽ മെഡൽ 'ചാടി'യെടുക്കാൻ കോഴിക്കോട്ടുകാരന്‍; യോഗ്യത ഉറപ്പിച്ച് അബ്ദുള്ള അബൂബക്കർ