ന്യൂഡൽഹി: ത്രിപുരയ്‌ക്കൊപ്പം രണ്ട് സീസണുകൾ കളിച്ചതിന് ശേഷം വെറ്ററൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ പശ്ചിമ ബംഗാൾ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. 2007 മുതൽ 2022 വരെ ബംഗാളിനായി കളിച്ച സാഹ ശ്രീലങ്കയ്‌ക്ക് എതിരായ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ബംഗാളിനായുള്ള മത്സരങ്ങളില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി ദേബബ്രത ദാസ് നടത്തിയ പരാമര്‍ശമാണ് സാഹയെ അലോസരപ്പെടുത്തിയത്. താരത്തിന്‍റെ പ്രതിബദ്ധതയെ ചോദ്യം ചെയ്‌തായിരുന്നു ദേബബ്രത ദാസ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
ഭാവിയെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും വരാനിരിക്കുന്ന സീസണിലാണ് തന്‍റെ ശ്രദ്ധയെന്നും സാഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബംഗാളിൽ തിരിച്ചെത്തിയതിൽ സന്തോഷവും ആവേശവുമുണ്ട്. സംസ്ഥാനത്തിന് വേണ്ടി കളിക്കാനും മികച്ചത് നൽകാനും ഞാൻ കാത്തിരിക്കുകയാണ്.
ബംഗാളിനായി മൂന്ന് ഫോർമാറ്റുകളിലും കളിക്കാനാണ് പ്ലാനെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് പ്രായം ഒരു സംഖ്യ മാത്രമാണ്. ഗെയിം കളിക്കാൻ എന്നെ പ്രേരിപ്പിക്കുന്നിടത്തോളം. ഞാൻ കളി തുടരും. ഇപ്പോൾ എനിക്ക് വിരമിക്കാൻ പദ്ധതിയില്ല. എപ്പോഴെങ്കിലും കളി വിടുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എല്ലാത്തരം കളികളിൽ നിന്നും ഞാൻ വിരമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
'സാഹയെ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്നേഹാശിഷ് ഗാംഗുലി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹം ഞങ്ങളോടൊപ്പം നിന്നിട്ടുണ്ട്. സാഹയുടെ തിരിച്ചുവരവ് ടീമിനെ ശക്തിപ്പെടുത്തുമെന്നും വരാനിരിക്കുന്ന സീസണിൽ മികച്ച പ്രകടനം നടത്താൻ ബംഗാൾ ലക്ഷ്യമിടുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും സ്നേഹാശിഷ് പറഞ്ഞു.