ഹരാരെ: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടി20യില്‍ സിംബാബ്‌വെയ്‌ക്ക് 168 റണ്‍സ് വിജയലക്ഷ്യം. ഹരാരെ സ്പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 167 റണ്‍സാണ് നേടിയത്. തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യയെ മത്സരത്തില്‍ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്‍റെ അര്‍ധസെഞ്ച്വറി പ്രകടനമാണ്.
മത്സരത്തില്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു 45 പന്തില്‍ 58 റണ്‍സ് നേടിയാണ് പുറത്തായത്. നാല് സിക്‌സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു മത്സരത്തില്‍ സഞ്ജുവിന്‍റെ ഇന്നിങ്‌സ്. ശിവം ദുബെ (26), റിയാൻ പരാഗ് (22) എന്നിവരും ഇന്ത്യയ്‌ക്കായി തരക്കേടില്ലാത്ത പ്രകടനം നടത്തി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായിരുന്നു. അഞ്ച് പന്തില്‍ 12 റണ്‍സ് നേടിയ താരത്തെ സിക്കന്ദര്‍ റാസയാണ് പുറത്താക്കിയത്. നാലാം ഓവറിലെ അഞ്ചാം പന്തില്‍ അഭിഷേക് ശര്‍മയേയും (14) അഞ്ചാം ഓവറില്‍ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിനെയും (13) ഇന്ത്യയ്‌ക്ക് നഷ്‌ടമായി.
നാലാം വിക്കറ്റില്‍ ഒന്നിച്ച സഞ്ജു പരാഗ് കൂട്ടുകെട്ടാണ് പിന്നീട് ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 65 റണ്‍സായിരുന്നു അടിച്ചെടുത്തത്. പതിനാലാം ഓവറില്‍ പരാഗിനെ പുറത്താക്കി ബ്രാൻഡൻ മവുടയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അര്‍ധസെഞ്ച്വറി നേടിയ സഞ്ജുവിനെ 18-ാം ഓവറിലായിരുന്നു ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെ, റിങ്കു സിങ് എന്നിവരാണ് ടീം സ്കോര്‍ 150 കടത്തിയത്. മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കായി പന്തെറിഞ്ഞ ബ്ലെസിങ് മുസാരബനി രണ്ട് വിക്കറ്റ് നേടി.