ഹരാരെ: വീണ്ടും സിംബാബ്‌വെയെ വീഴ്ത്തി ഇന്ത്യ. സിംബാബ്‌വേയുമായുള്ള പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 23 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുളള പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ട് വിജയവുമായി ഇന്ത്യ മുന്നിലെത്തി.
20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ 183 റൺസ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയ്ക്ക് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞൊളളു.
നഷ്‌ടപ്പെട്ട ആറ് വിക്കറ്റില്‍ അഞ്ചും ആദ്യ പത്ത് ഓവറിലായിരുന്നു. 39 റൺസില്‍ വെസ്‌ലി മാഥവരെ, റ്റഡിവനാഷെ മറുമനി, ബ്രയാൻ ബെന്നറ്റ്, സിക്കന്ദർ റാസ, ജൊനാതൻ കാംബെൽ, എന്നിലര്‍ കൂടാരം കയറിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലേത് പോലെ വലിയ വിജയം ഇന്ത്യ ഉറപ്പിച്ചു. എന്നാല്‍ ഡിയോൺ മയഴ്‌സ്- ക്ലിവ് മദന്ദെ കൂട്ട്കെട്ട് 77 റണ്‍സ് അടിച്ചെടുത്തത്തോടെ കളി കനത്തു. അവസാന നാലോവറില്‍ മാത്രം 48 റണ്‍സ് അടിച്ചെടുത്തെങ്കിലും സിംബാബ്‌വെയ്ക്ക് വിജയം കാണാനായില്ല.
49 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്ന ഡിയോണ്‍ മയഴ്‌സാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. 37 റണ്‍സെടുത്ത ക്ലൈവ് മദാന്ദെയും സിംബാബ്‌വെക്കായി സ്‌കോര്‍ ഉയര്‍ത്തി. ക്യാപ്റ്റൻ സിക്കന്ദർ റാസയും ബ്ലെസിങ് മുസരബനിയും ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ എറിഞ്ഞിട്ടത്.
49 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റൺ ശുഭ്‌മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്‌ക്വാദ് എന്നിവരും ഇന്ത്യയ്‌ക്ക് വേണ്ടി റൺസ് അടിച്ചെടുത്തു. വൈസ് ക്യാപ്റ്റനായ സഞ്ജു സാംസൺ ഏഴു പന്തിൽ 12 റൺസെടുത്തു പുറത്താകാതെ നിന്നു. കഴിഞ്ഞ കളിയില്‍ 100 റൺസ് വിജയം ഇന്ത്യയ്‌ക്ക് സമ്മാനിച്ച അഭിഷേക് ശർമ ഇത്തവണ 10 റൺസ് മാത്രമെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തി വാഷിങ്ടൻ സുന്ദർ താരമായപ്പോള്‍ ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവര്‍ യഥാക്രമം രണ്ടും ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
പരമ്പരയിലെ നാലാം മത്സരം 13-ന് ഹരാരെയില്‍ നടക്കും.