ഗയാന: ടി20 ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഗയാനയില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടാണ് രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.
2022 ടി20 ലോകകപ്പ് സെമിയിലെ തോല്‍വിയ്ക്ക് കണക്ക് തീര്‍ക്കാനാണ് രോഹിത്തും കൂട്ടരും ഇന്നിറങ്ങുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലൊരു ആവേശപ്പോരാട്ടത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നതെങ്കിലും ഗയാനയിലെ കാലാവസ്ഥ പ്രവചനം ആശങ്കപ്പെടുത്തുന്നതാണ്. മത്സരദിനത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
പ്രാദേശിക സമയം രാവിലെ പത്തരയ്‌ക്കാണ് ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുന്നത്. ഈ സമയത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉച്ചയോടെ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ഇന്ന് 70 ശതമാനം മഴ പെയ്‌തേക്കാമെന്നാണ് പ്രവചനം.
കഴിഞ്ഞ ദിവസങ്ങളിലും മേഖലയില്‍ മഴ പെയ്‌തിരുന്നു. മഴയെ തുടര്‍ന്ന് ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷൻ റദ്ദാക്കുകയും ചെയ്‌തിരുന്നു.
അതേസമയം, മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല. നാളെ ട്രാവലിങ് ഡേ ആയതിനാലാണ് മത്സരത്തിന് ഐസിസി റിസര്‍വ് ദിനം അനുവദിക്കാതിരുന്നത്. പകരം നിശ്ചിത സമത്തിന് പുറമെ മത്സരത്തിന്‍റെ ഫലം കണ്ടെത്താൻ 250 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.
മഴയുടെ പശ്ചാത്തലത്തില്‍ മത്സരം ഉപേക്ഷിച്ചാല്‍ ഫൈനലിലേക്ക് ടീം ഇന്ത്യ മുന്നേറും. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് ഒന്നില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത് ഇന്ത്യ ആയിരുന്നു. ഇതാകും ഇന്ത്യയ്‌ക്ക് ഗുണം ചെയ്യുക. രണ്ടാം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടിയത്.
Also Read : ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമിയ്‌ക്ക് റിസര്‍വ് ദിനമില്ല; കാരണം ഇതാണ്... - India vs England Reserve Day