രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റിൽ ഇന്ത്യയ്‌ക്ക് 434 റൺസിൻ്റെ റെക്കോഡ് ജയം. 557 റണ്‍സ് വിജയലക്ഷ്യം ഉയർത്തിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. ഇതോടെ 434 റണ്‍സിന്‍റെ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തി (Indian Victory Against England).
12.4 ഓവറിൽ 41 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്. രണ്ട് വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ബുമ്രയും അശ്വിനും ചേർന്നതോടെ ഇംഗ്ലണ്ടിന്‍റെ പതനം പൂര്‍ണമായി. 1934 ന് ശേഷം ടീം ഇംഗ്ലണ്ട് നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്.
രണ്ടാം ഇന്നിങ്സിൽ 214 റൺസുമായി പുറത്താകാതെ നിന്ന യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ വമ്പൻ വിജയത്തിന് വഴിയൊരുക്കിയത്. രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും സെഞ്ചുറിയടിച്ചു. അരങ്ങേറ്റത്തിൽ തന്നെ സർഫറാസ് ഖാൻ അർധസെഞ്ചുറി നേടി. കേവലം 33 റണ്‍സ് മാത്രമെടുത്ത മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.