മുംബൈ: 2025ലെ പുരുഷ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടി20 ഫോര്‍മാറ്റിലാകും ടൂര്‍ണമെന്‍റ്.
ഹൈബ്രിഡ് മോഡലില്‍ കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യ കപ്പിന് പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു വേദിയൊരുക്കിയത്. ഏകദിന ഫോര്‍മാറ്റിലായിരുന്നു മത്സരങ്ങള്‍. ഏകദിന ലോകകപ്പിന് മുന്നോടിയായി നടന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്‍.
ഇന്ത്യയുടെ മത്സരങ്ങളായിരുന്നു പ്രധാനമായും ശ്രീലങ്കയില്‍ നടത്തിയത്. ടൂര്‍ണമെന്‍റിലെ ആദ്യ ഘട്ട മത്സരങ്ങള്‍ മാത്രമായിരുന്നു പാകിസ്ഥാനില്‍. കഴിഞ്ഞ വര്‍ഷം ഫൈനല്‍ ഉള്‍പ്പടെ പ്രധാന മത്സരങ്ങളെല്ലാം നടന്നത് ശ്രീലങ്കയില്‍ ആയിരുന്നു.
ചാമ്പ്യൻസ് ട്രോഫിയ്‌ക്കായി ഇന്ത്യയുടെ പാകിസ്ഥാൻ യാത്രയില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഏഷ്യ കപ്പ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാൻ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. അടുത്തവര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി. ഈ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകുമോയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം, 2027ല്‍ ആയിരിക്കും ഇനി ഏകദിന ഫോര്‍മാറ്റില്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുക. ബംഗ്ലാദേശ് ഈ ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കും. ആറ് ടീമുകള്‍ ആണ് വരാനിരിക്കുന്ന രണ്ട് ടൂര്‍ണമെന്‍റിലും പങ്കെടുക്കുന്നത്.
ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് ടീമുകള്‍ നേരിട്ട് ടൂര്‍ണമെന്‍റിനെത്തും. യോഗ്യത മത്സരങ്ങള്‍ കളിച്ചെത്തുന്ന ഒരു ടീമും ടൂര്‍ണമെന്‍റിന് യോഗ്യത നേടും. 13 മത്സരങ്ങളായിരിക്കും രണ്ട് പതിപ്പിലും ഉണ്ടായിരിക്കുകയെന്നും എസിസി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത വനിത ഏഷ്യ കപ്പും ടി20 ഫോര്‍മാറ്റിലാണ് സംഘടിപ്പിക്കുന്നത്. 2026ലാണ് മത്സരങ്ങള്‍. 2024ലെ ഏഷ്യ കപ്പ് കഴിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞത്. ധാംബുള്ളയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്കൻ വനിതകളായിരുന്നു ഏഷ്യൻ ചാമ്പ്യന്മാരായത്.
Also Read : ടി20യില്‍ കൂടുതല്‍ ഗോള്‍ഡൻ ഡക്ക്; നാണക്കേടിന്‍റെ റെക്കോഡ് പട്ടികയില്‍ സഞ്ജുവും