മുംബൈ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും പിന്മാറിയ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ടീമിലേക്ക് മടങ്ങിയെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരിക്കിന്‍റെ പിടിയിലുള്ള രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.
ഹൈദരാബാദിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ജഡേജയേയും രാഹുലിനെയും രണ്ടാം മത്സരത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇവര്‍ക്ക് പകരക്കാരായി സര്‍ഫറാസ് ഖാന്‍, വാഷിങ്‌ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍ എന്നിവരെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയ വിവരം കഴിഞ്ഞ ദിവസമായിരുന്നു ബിസിസിഐ പുറത്തുവിട്ടത്. ശേഷിക്കുന്ന മത്സരങ്ങള്‍ക്കായുള്ള സ്ക്വാഡിനെ നിര്‍ണയിക്കാന്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഇന്ന് പ്രത്യേക യോഗം ചേരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിരാട് കോലി തിരിച്ചെത്തുമോ...? ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പായിരുന്നു വിരാട് കോലി ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും പിന്മാറിയത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്‍റെ പിന്മാറ്റം. ഇതോടെ, കോലിയുടെ പകരക്കാരനായി ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ രജത് പടിദാറിനെയാണ് ബിസിസിഐ ഉള്‍പ്പെടുത്തിയത്. അതേസമയം, ടീമിലേക്കുള്ള കോലിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ഇതുവരെ മറ്റ് അപ്‌ഡേറ്റുകളൊന്നുമുണ്ടായിട്ടില്ല.
ഗില്ലിന്‍റെയും അയ്യരുടെയും ഭാവി: സമീപകാലത്തായി റെഡ് ബോള്‍ ക്രിക്കറ്റില്‍ താളം കണ്ടെത്താന്‍ വിഷമിക്കുകയാണ് ഇന്ത്യന്‍ യുവതാരങ്ങളായ ശുഭ്‌മാന്‍ ഗില്ലും ശ്രേയസ് അയ്യരും. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ഇരുവരും ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ചേതേശ്വര്‍ പുജാര ഉള്‍പ്പടെ തകര്‍പ്പന്‍ ഫോമിലാണ്.
ഈ സാഹചര്യത്തില്‍ ഗില്ലിന് കൂടുതല്‍ അവസരം നല്‍കാന്‍ ബിസിസിഐ തയ്യാറാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്‌പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോഡുള്ള പുജാരയ്‌ക്കൊപ്പം യുവതാരം സായ് സുദര്‍ശനും ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്നുണ്ട്. കൂടാതെ, നിലവില്‍ പകരക്കാരായി ടീമില്‍ ഇടം പിടിച്ചിരിക്കുന്ന രജത് പടിദാറും സര്‍ഫറാസ് ഖാനും സ്ഥാനം നിലനിര്‍ത്തുമോ എന്നറിയാനും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 1-0ന് മുന്നിലാണ് ഇംഗ്ലണ്ട്. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ 28 റണ്‍സില്‍ പരാജയപ്പെടുത്തിയാണ് സന്ദര്‍ശകര്‍ മുന്നിലെത്തിയത്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്.
Also Read : ക്രെഡിറ്റ് സ്റ്റോക്‌സിന്, രോഹിത് ശരാശരി മാത്രം...ആദ്യ ടെസ്റ്റ് തോല്‍വിയില്‍ വിമർശനങ്ങൾ അവസാനിക്കുന്നില്ല