കാൺപൂർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന് ആരാധകരുടെ ആവേശം വർധിക്കുന്നു. സെപ്റ്റംബർ 27 മുതൽ കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. എന്നാല്‍ ടെസ്റ്റിനിടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിക്കുന്നു. കാലാവസ്ഥാ പ്രവചനമനുസരിച്ച് ടെസ്റ്റിന്‍റെ ആദ്യ നാല് ദിവസങ്ങൾ മഴ കാരണം തടസപ്പെട്ടേക്കാം.
സെപ്റ്റംബർ 27 ന് ആദ്യ ദിവസം 93% മഴ പെയ്യാൻ സാധ്യതയുണ്ട്. ദിവസം മുഴുവൻ ഇടിമിന്നലുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ദിവസവും സ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടാകില്ല. മഴ പെയ്യാൻ 80% സാധ്യതയുണ്ട്. മൂന്നാം ദിവസം 65% മഴയ്ക്കും നാലാം ദിവസം 59% മഴയ്ക്കും സാധ്യതയുണ്ട്. അവസാന ദിവസം 5% മാത്രമായി കുറയും. മഴ തുടർന്നാൽ മത്സരം റദ്ദാക്കേണ്ടി വന്നേക്കും. ഈ സാഹചര്യത്തിൽ ഇന്ത്യ 1-0ന് പരമ്പര സ്വന്തമാക്കും.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് റെക്കോർഡ് മികച്ചതാണ്. ഇന്ത്യയ്‌ക്കെതിരെ ഇതുവരെ ഒരു ടെസ്റ്റ് വിജയം നേടാൻ ബംഗ്ലാദേശിന് കഴിഞ്ഞിട്ടില്ല. ഇരുടീമുകളും തമ്മിൽ ഇതുവരെ ആകെ 14 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ ഇന്ത്യ 12 എണ്ണം ജയിക്കുകയും രണ്ടെണ്ണം സമനിലയിലാവുകയും ചെയ്‌തു. മറുവശത്ത് നസ്മുൽ ഹുസൈൻ ഷാന്‍റോയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ടീമിന് പാകിസ്ഥാനെപ്പോലെ ഇന്ത്യയെ അമ്പരപ്പിക്കാനും ടെസ്റ്റ് മത്സരം ആദ്യമായി ജയിക്കാനും പരമ്പര 1-1 ന് സമനിലയിലാക്കാനുള്ള സാധ്യതയുണ്ട്.