മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനായി അരങ്ങേറ്റം കുറിക്കുകയാണ് ഗൗതം ഗംഭീര്‍. പര്യടനത്തിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് എതിരെ കളിക്കുന്നത്.
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി സൂര്യകുമാര്‍ യാദവിനെ ടി20 ടീമിന്‍റെ നായകനാക്കിയതാണ് ഏറ്റവും ശ്രദ്ധേയനായ കാര്യം. കഴിഞ്ഞ ടി20 ലോകകപ്പിലടക്കം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാവും ചുമതല നല്‍കുക എന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ സൂര്യ നായകനായപ്പോള്‍ ഹാര്‍ദിക്കിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം പോലും നഷ്‌ടപ്പെട്ടു.
പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്‍റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് ക്യാപ്റ്റൻസിയില്‍ നിന്നും തഴയപ്പെട്ടതിന് പിന്നിലെന്നായിരുന്നു സംസാരം. എന്നാല്‍ കളിക്കാര്‍ക്കുള്ള വിശ്വാസമാണ് സൂര്യകുമാര്‍ യാദവിന് കാര്യങ്ങള്‍ അനുകൂലമാക്കിയത് എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സൂര്യയ്‌ക്ക് കീഴിൽ പ്രവർത്തിക്കാൻ കൂടുതല്‍ കംഫെര്‍ട്ടബിള്‍ ആണെന്ന് കളിക്കാരില്‍ നിന്നും ബിസിസിഐക്ക് ഫീഡ്‌ബാക്ക് ലഭിച്ചുവെന്നും പ്രസ്‌തുത റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
സൂര്യകുമാര്‍ യാദവിന്‍റെ മാന്‍-മാനേജ്‌മെന്‍റ് കഴിവും ബിസിസിഐ സെലക്‌ടര്‍മാരെ വല്ലാതെ ആകർഷിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഇഷാൻ കിഷൻ പാതിവഴിയിൽ ഇന്ത്യൻ ക്യാമ്പ് വിടാനൊരുങ്ങവെ താരത്തെ പിന്തിരിപ്പിക്കാന്‍ സൂര്യകുമാര്‍ ശ്രമിച്ചത് ഇതിന്‍റെ ഉദാഹരമാണാണ് മാനേജ്‌മെന്‍റ് കരുതുന്നത്.
കൂടാതെ അവസരങ്ങൾ പരമാവധി മുതലാക്കാൻ താരം മുൻനിര കളിക്കാരുമായി സംസാരിച്ചതായും റിപ്പോർട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യമെന്തെന്നാല്‍ സൂര്യയുടെ ആശയവിനിമയ ശൈലി രോഹിത്തിനെപ്പോലെയാണ്. അതിനാല്‍ തന്നെ കളിക്കാർക്ക് ആശയവിനിമയം നടത്താന്‍ ഏറെ സൗകര്യപ്രദമാണെന്നും അഭിപ്രായമുണ്ടെന്നാണ്.
അതേസമയം രണ്ട് ദിവസങ്ങളിലായി മണിക്കൂറുകളോളം നീണ്ട സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങില്‍ ചൂടേറിയ ചർച്ചകള്‍ അരങ്ങേറി. മാനേജ്‌മെന്‍റിന്‍റെ ദീർഘകാല പദ്ധതികൾ അറിയിക്കുന്നതിനായി കളിക്കാരെയും ബന്ധപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.