ചരിത്രത്തിലെ ആദ്യ ഫൈനല്‍, ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവലില്‍ അക്‌സര്‍ പട്ടേലിനെ തലങ്ങും വിലങ്ങും അടിച്ച് പായിച്ച് ഹെൻറിച്ച് ക്ലാസൻ വിനാശകാരിയാകുന്ന സമയം. മറുവശത്ത് ക്രീസില്‍ ഉണ്ടായിരുന്നത് 'കില്ലര്‍ മില്ലര്‍' എന്ന വിശേഷണമുള്ള സാക്ഷാല്‍ ഡേവിഡ് മില്ലര്‍. ലോക ക്രിക്കറ്റിലെ രണ്ട് ബിഗ് ഹിറ്റര്‍മാര്‍ ക്രീസില്‍ നില്‍ക്കുന്ന ആ സമയം ലോക കിരീടമെന്ന ആ സ്വപ്‌നം കാണുകയായിരുന്നു ദക്ഷിണാഫ്രിക്ക.
മത്സരത്തിലെ അവസാന 24 പന്തുകള്‍, പ്രോട്ടീസിന്‍റെ സ്വപ്‌നസാഫല്യത്തിന്‍റെ ദൂരം 26 റണ്‍സ് അകലെ. തകര്‍ത്തടിക്കുന്ന ക്ലാസനൊപ്പം മില്ലര്‍ ക്രീസില്‍, ദക്ഷിണാഫ്രിക്കയ്‌ക്ക് അനായാസം തന്നെ ജയത്തിലേക്ക് എത്താൻ കഴിയുന്ന സാഹചര്യം.
ഈ സമയത്താണ് ഇന്ത്യൻ നായകൻ രോഹിത് ഗുരുനാഥ് ശര്‍മ തന്‍റെ ടീമിലെ പ്രധാന ഓള്‍റൗണ്ടറെ പന്തെറിയാനായി തിരികെ കൊണ്ടുവരുന്നത്. ടി20 ലോകകപ്പിന് ദിവസങ്ങള്‍ മുന്‍പ് വരെ ഇന്ത്യൻ ക്രിക്കറ്റില്‍ വില്ലൻ പ്രതിച്ഛായ ഉണ്ടായിരുന്ന ഒരാള്‍. അയാളുടെ പേര് ഹാര്‍ദിക് പാണ്ഡ്യ എന്നായിരുന്നു.
കഴിഞ്ഞ ഐപിഎല്ലിനിടെ ആരാധകര്‍ കൂവലോടെ വരവേറ്റ ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിലെ പല മത്സരങ്ങളിലും മുംബൈയ്‌ക്കായി കളത്തിലിറങ്ങിയ ഹാര്‍ദിക്കിനെ കൂവലോടെ മാത്രമാണ് ആരാധകര്‍ വരവേറ്റത്. ലോകകപ്പ് ഫൈനലില്‍ ഒരു ചെറിയ പിഴവ് പറ്റിയാല്‍ പോലും അയാളെ ജീവനോടെ കടിച്ചുകീറാൻ നിരവധി പേര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
അവര്‍ക്ക് മുന്നിലേക്കാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിന്‍റെ 16-ാം ഓവര്‍ എറിയാനായി ഹാര്‍ദിക് പാണ്ഡ്യ നടന്നടുത്തത്. സ്ലോട്ടില്‍ ലഭിച്ച പന്തുകളെയെല്ലാം ക്ലാസൻ അതിര്‍ത്തി കടത്തിക്കൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി പന്തെറിയാനായില്ലെങ്കില്‍ പന്ത് എന്തായാലും അതിര്‍ത്തി കടക്കും.
അത് കൃത്യമായി മനസിലാക്കിയ ഹാര്‍ദിക് തനിക്ക് നേരെ വരുന്ന പന്ത് അടിച്ചുപറത്താൻ തയ്യാറായി നിന്ന ക്ലാസനെതിരെ ബൗള്‍ ചെയ്‌തത് ഒരു സ്ലോ വൈഡ് ഡെലിവറി. ക്ലാസന്‍റെ ബാറ്റിലുരസിയ പന്ത് നേരെ ചെന്ന് വീണത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കൈകളിലേക്ക്. പിന്നീടുള്ള അഞ്ച് പന്തുകളില്‍ പാണ്ഡ്യ വിട്ടുകൊടുത്തത് വെറും നാല് റണ്‍സ്.
പതിനെട്ടാമത്തെയും പത്തൊൻപതാമത്തെയും ഓവറുകള്‍ എറിയാനെത്തിയത് ജസ്‌പ്രീത് ബുംറയും അര്‍ഷ്‌ദീപ് സിങ്ങും. ബുംറയുടെ ഒരു തകര്‍പ്പൻ ഇൻസ്വിങ്ങര്‍ മാര്‍കോ യാൻസന്‍റെ കുറ്റി തെറിപ്പിച്ചു. അടുത്ത ഓവറില്‍ അര്‍ഷ്‌ദീപ് വിട്ടുകൊടുത്തത് നാല് റണ്‍സ്.
Nothing but massive respect for you, @HardikPandya7! 🫡👍🏻
— Star Sports (@StarSportsIndia) June 29, 2024
After his recent setbacks, 'Kung fu Pandya' narrates how his unwavering spirit, hard work & belief led to his comeback in the #T20WorldCup! 🔥
Tune in to watch the entire celebrations, all day long, TODAY, only on Star… pic.twitter.com/lwxAowAD1A
അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ വേണ്ടത് 16 റണ്‍സ്. പന്തെറിയാനെത്തിയ ഹാര്‍ദിക്കിനെ ആദ്യം തന്നെ അതിര്‍ത്തി കടത്താനുള്ള മില്ലറുടെ ശ്രമം. ലോങ് ഓഫിലേക്ക് എത്തിയ സൂര്യകുമാര്‍ യാദവ് ബൗണ്ടറിക്കരികില്‍ നിന്നും പിടികൂടുന്നു, പന്ത് ഉയര്‍ത്തിയിട്ട ശേഷം ബൗണ്ടറി ലൈൻ കടന്നുപോകുന്നു, തിരികെ മൈതാനത്തേക്ക് വന്ന് ആ പന്തിനെ കൈപ്പിടിയിലൊതുക്കി ആഘോഷം തുടങ്ങുന്നു.
Hardik Pandya really went through a lot:
— Johns (@JohnyBravo183) June 30, 2024
- getting injured in the middle of a home WC
- haters doubting his integrity & patriotism
- media making jokes on his personal life
- not to mention the toxic booing
That last ball was a big pressure release 🥺#T20WorldCupFinal pic.twitter.com/3xmkMZyo0i
കാര്യങ്ങള്‍ അവസാനിച്ചുവെന്ന് പറയാൻ സാധിക്കുന്ന അവസരമായിരുന്നില്ല അപ്പോഴും. ലെഗ് സൈഡിലേക്ക് കാറ്റ് വീശുന്ന സാഹചര്യത്തില്‍ ഇടം കയ്യൻ ബാറ്ററായ കഗിസോ റബാഡയുടെ ഒരു നോര്‍മല്‍ ഷോട്ട് പോലും ബൗണ്ടറിയിലേക്ക് എത്താമെന്ന അവസ്ഥ. എന്നാല്‍, അവിടെയും ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു.
ഓഫ് സ്റ്റമ്പിന് പുറത്തായിരുന്നു റബാഡയ്‌ക്കും പാണ്ഡ്യ കെണിയൊരുക്കിയത്. ഓവറിലെ അഞ്ചാം പന്തില്‍ ലോങ് ഓഫില്‍ റബാഡയും വീണു. ലോകകപ്പില്‍ ഇന്ത്യയുടെ മുത്തം. ആ സമയം, ഹാര്‍ദിക്കിന്‍റെ കണ്ണുകള്‍ നിറഞ്ഞു, മത്സരശേഷം ഇന്ത്യൻ പതാകയും കയ്യിലേന്തി അഭിമുഖം നല്‍കുമ്പോഴും അയാളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.