മുംബൈ : ഏകദിന ലോകകപ്പില്‍ (ODI World Cup 2023) ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) പുറത്തുപോവേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഹാര്‍ദിക്. പരിക്കേറ്റതിന് ശേഷം ഉടന്‍ തന്നെ ടൂര്‍ണമെന്‍റിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതിനായി നടത്തിയ ശ്രമങ്ങള്‍ തിരിച്ചടിയായതായാണ് 30-കാരന്‍ പറയുന്നത്.
"ലോകകപ്പില്‍ കളിക്കുന്നതിനായി രണ്ടോ മൂന്നോ മാസം മുമ്പ് തയ്യാറെടുപ്പുകള്‍ നടത്തുന്ന ഒരു ക്രിക്കറ്ററല്ല ഞാന്‍. അതിനായി ഞാന്‍ ഒരു വര്‍ഷം മുമ്പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഏറെ നേരത്തെ തന്നെ എന്‍റെ ദിനചര്യകളെല്ലാം തന്നെ ക്രമീകരിച്ചിരുന്നു. പിന്നീട് അത് അനുസരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്‍റിനിടെയേറ്റ അപ്രതീക്ഷിത പരിക്ക് തിരിച്ചടിയായി. ഇതിനെക്കുറിച്ച് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. 25 ദിവസങ്ങള്‍ കൊണ്ട് ഭേദമാവുന്ന ഒരു പരിക്കായിരുന്നു അത്. എന്നാല്‍ ലോകകപ്പ് കളിക്കാനായിരുന്നു ഞാന്‍ പരമാവധി ശ്രമം നടത്തിയത്. അഞ്ച് ദിവസങ്ങള്‍കൊണ്ട് തിരികെ എത്തുമെന്ന് ഞാന്‍ ടീമിനോട് പറയുകയും ചെയ്‌തിരുന്നു.
എത്രയും വേഗം മടങ്ങിയെത്താന്‍ പരിക്കേറ്റ കണങ്കാലില്‍ മൂന്നിടത്തായി ഞാന്‍ ഇഞ്ചക്ഷനെടുത്തു. എന്നാല്‍ ഇഞ്ചക്ഷനെടുത്ത ഭാഗം നീരുവന്ന് വീര്‍ക്കുകയാണ് ചെയ്‌തത്. ഒടുവില്‍ ആ നീര് കുത്തിയെടുക്കേണ്ടി വന്നു. ഇനിയും ശ്രമിച്ചാല്‍ ഗ്രൗണ്ടില്‍ നിന്നും ഏറെക്കാലം മാറി നില്‍ക്കേണ്ടി വരുമെന്ന് ഒരു ഘട്ടത്തിൽ എനിക്ക് അറിയാമായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് അതൊരു പ്രശ്‌നമായിരുന്നില്ല.
എനിക്ക് നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഞാന്‍ ഓടാന്‍ ശ്രമിച്ചു. വേദനസംഹാരികള്‍ ഉപയോഗിച്ചുകൊണ്ട് തിരിച്ചുവരവിനും ശ്രമിച്ചു. രാജ്യത്തിന് വേണ്ടി കളിക്കുക എന്നതാണ് എനിക്ക് ഏറ്റവും വലിയ അഭിമാനം.
ഒരു ശതമാനമെങ്കിലും സാധ്യത ഉണ്ടെങ്കില്‍ ലോകകപ്പ് ടീമിലേക്ക് തിരികെ എത്തണമെന്ന് തന്നെയായിരുന്നു എന്‍റെ ആഗ്രഹം. പക്ഷെ അതിന് കഴിഞ്ഞില്ല. എന്‍റെ കരിയറിലെ ഏറ്റവും വലിയ നിരാശയാണിത്. ഒരു ഭാരമായി ഇതെന്നും ഹൃദയത്തിലുണ്ടാവും. ഒടുവില്‍ 25 ദിവസങ്ങള്‍ കൊണ്ട് മാറേണ്ടിയിരുന്ന പരിക്കില്‍ നിന്നും മുക്തനാവാന്‍ മൂന്ന് മാസങ്ങളാണ് വേണ്ടി വന്നത്" - ഹാര്‍ദിക് പറഞ്ഞു.
അതേസമയം ഐപിഎല്ലിന്‍റെ (IPL 2024) പുതിയ പതിപ്പില്‍ മുംബൈ ഇന്ത്യന്‍സിനെ (Mumbai Indians) നയിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് നിലവില്‍ ഹാര്‍ദിക്കുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്ന ഹാര്‍ദിക്കിനെ പുതിയ സീസണിന് മുന്നോടിയായി ആയിരുന്നു മുംബൈ തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്. ആദ്യ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് എത്തിച്ച ഹാര്‍ദിക് കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്തേക്കും നയിച്ചിരുന്നു.
രോഹിത് ശര്‍മയെ മാറ്റിയാണ് ഹാര്‍ദിക്കിന് മുംബൈ ക്യാപ്റ്റന്‍റെ സ്ഥാനം നല്‍കിയിരിക്കുന്നത്. ഫ്രാഞ്ചൈസിക്ക് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത നായകനാണ് രോഹിത് ശര്‍മ. രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിയ മാനേജ്‌മെന്‍റ് നീക്കത്തിനെതിരെ ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.