അഹമ്മദാബാദ്: രോഹിത് ശര്‍മയെ (Rohit Sharma) മാറ്റി മുംബൈ ഇന്ത്യൻസിന്‍റെ (Mumbai Indians) നായകനായി ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) നിയമിച്ചതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്ന കോലാഹലങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. കഴിഞ്ഞ രണ്ട് സീസണിലും ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്‌റ്റനായിരുന്ന ഹാര്‍ദിക്കിനെ ഇക്കുറി പ്ലെയര്‍ ട്രേഡിങ്ങിലൂടെയായിരുന്നു മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ തന്നെ രോഹിത് ശര്‍മയെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും നീക്കിയത് വലിയ ആരാധക രോഷങ്ങള്‍ക്കും വഴിയൊരുക്കി.
അഞ്ച് പ്രാവശ്യം ഐപിഎല്‍ കിരീട നേട്ടത്തിലേക്ക് മുംബൈ ഇന്ത്യൻസിനെ നയിച്ച നായകന് ടീം അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ലെന്നാണ് ആരാധകരുടെ വാദം. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആദ്യ മത്സരത്തിനായി മുംബൈ ഇന്ത്യൻസ് ഇന്നലെ കളത്തിലിറങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ പഴയ ക്ലബായ ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു ഈ മത്സരം.
മത്സരത്തിനിടെ രോഹിതിനോടുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ പെരുമാറ്റം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഗുജറാത്ത് ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ നടന്ന ഒരു സംഭവമാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. 20-ാം ഓവറിനിടെ രോഹിതിനോട് ഹാര്‍ദിക് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട് (Fans Against Hardik Pandya).
ഹാര്‍ദിക് ആദ്യം പറയുമ്പോള്‍ ഇത് തന്നോട് ആണോ പറയുന്നതെന്ന് ചോദിക്കുന്ന രോഹിതിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. വീഡിയോയില്‍ ക്യാപ്‌റ്റന്‍റെ നിര്‍ദേശം കൃത്യമായി തന്നെ രോഹിത് ശര്‍മ പാലിക്കുന്നതും കാണാം. മുതിര്‍ന്ന താരങ്ങളോട് യാതൊരു തരത്തിലും ബഹുമാനമില്ലാത്ത രീതിയിലാണ് ഹാര്‍ദിക് പെരുമാറുന്നതെന്നാണ് ഈ സംഭവത്തില്‍ ആരാധകരുടെ അഭിപ്രായം.
നേരത്തെ, മത്സരത്തില്‍ ടോസിനിടെ കൂവലോടെയാണ് ഗുജറാത്ത്, മുംബൈ ആരാധകര്‍ ഹാര്‍ദിക് പാണ്ഡ്യയെ വരവേറ്റത്. ഹാര്‍ദിക് പാണ്ഡ്യയുടെ പേര് പറയുമ്പോള്‍ രോഹിത് ചാന്‍റുകളും ഗാലറിയില്‍ ഉയര്‍ന്നിരുന്നു.
അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് ആറ് റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്‌ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഡിവാള്‍ഡ് ബ്രേവിസ് (46), രോഹിത് ശര്‍മ (43) എന്നിവരാണ് മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനായി ഭേദപ്പെട്ട പ്രകടനം കാഴ്‌ച വെച്ചത്. ഏഴാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ നാല് പന്തില്‍ 11 റണ്‍സ് നേടിയായിരുന്നു പുറത്തായത്.
Also Read : ഇത് നെഹ്‌റയുടെ 'ടൈറ്റൻസ്'; മുംബൈയ്‌ക്കെതിരായ ജയം, ഗുജറാത്ത് പരിശീലകനെ വാഴ്‌ത്തി സോഷ്യല്‍ മീഡിയ - IPL 2024