മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണ്‍ ജയത്തോടെ അവസാനിപ്പിക്കാമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ മോഹത്തിന് കനത്ത തിരിച്ചടിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നല്‍കിയത്. തട്ടകമായ വാങ്കഡെയില്‍ 18 റണ്‍സിനായിരുന്നു അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് വീഴ്‌ത്തിയത്. ഇതിന് പിന്നാലെ മുംബൈ ടീമിന് കനത്ത ശിക്ഷ വിധിച്ചിരിക്കുകയാണ് ബിസിസിഐ.
കുറഞ്ഞ ഓവര്‍ നിരക്ക് കുറ്റം മൂന്നാമതും ആവര്‍ത്തിച്ച സാഹചര്യത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഒരു മത്സരത്തില്‍ വിലക്കും 30 ലക്ഷം പിഴയുമാണ് ബിസിസിഐ വിധിച്ചിരിക്കുന്നത്. വിലക്ക് ലഭിച്ചതോടെ അടുത്ത സീസണിലെ ആദ്യ മത്സരത്തില്‍ ഹാര്‍ദിക്കിന് കളിക്കാന്‍ കഴിയില്ല. ടീമിലെ ഇംപാക്‌ട് പ്ലെയർ ഉൾപ്പെടെയുള്ള ബാക്കി അംഗങ്ങൾക്ക് ഓരോരുത്തർക്കും പിഴയുണ്ട്. 12 ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 50 ശതമാനമോ, ഇതില്‍ ഏതാണോ കുറവ് ആ തുകയാണ് ടീമംഗങ്ങള്‍ പിഴയായി ഒടുക്കേണ്ടത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സായിരുന്നു അടിച്ചിരുന്നത്. 29 പന്തില്‍ 5 ബൗണ്ടറികളും 8 സിക്‌സറുകളും സഹിതം 75 റണ്‍സടിച്ച നിക്കോളാസ് പുരാന്‍റെ പ്രകടനമാണ് തുണയായത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലും അര്‍ധ സെഞ്ചുറി നേടി. 41 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്‌സറും സഹിതം 55 റണ്‍സായിരുന്നു രാഹുലിന്‍റെ സമ്പാദ്യം.
മറുപടിക്കിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 196 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രോഹിത് ശര്‍മ, നമാന്‍ ധീര്‍ എന്നിവര്‍ മാത്രമാണ് ആതിഥേയര്‍ക്കായി കാര്യമായ പ്രകടനം നടത്തിയത്. 38 പന്തില്‍ 10 ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതം 68 റണ്‍സായിരുന്നു രോഹിത് നേടിയത്. 28 പന്തില്‍ നാല് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം പുറത്താവാതെ 62 റണ്‍സായിരുന്നു നമാന്‍റെ സമ്പാദ്യം.
സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ 10-ാം തോല്‍വിയാണിത്. കളിച്ച 14 മത്സരങ്ങളില്‍ വെറും നാല് മത്സരങ്ങള്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ ടീമിന് പോയിന്‍റ് പട്ടികയില്‍ അവസാനത്ത് തന്നെ ഒതുങ്ങേണ്ടി വന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായുള്ള ഹാര്‍ദിക്കിന്‍റെ അരങ്ങേറ്റം പാളുകയും ചെയ്‌തു.
കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു ഹാര്‍ദിക്. ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു. 2023-ലെ സീസണിലാവട്ടെ ഗുജറാത്ത് രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്‌തിരുന്നു. ഇതിന്‍റെ മികവിലായിരുന്നു താരം തന്‍റെ പഴയ തട്ടകമായ മുംബൈയിലേക്ക് ക്യാപ്റ്റനായി മടങ്ങിയെത്തിയത്. എന്നാല്‍ വ്യക്തിഗതമായും 29-കാരന്‍ നിറം മങ്ങി.