അഹമ്മദാബാദ്: ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിറങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്തിന്‍റെ തട്ടകമായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം. ജയം തുടരാൻ ആര്‍സിബി ഇറങ്ങുമ്പോള്‍ ജയിച്ച് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനാണ് ഗുജറാത്തിന്‍റെ വരവ്.
പോയിന്‍റ് പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ് ഗുജറാത്ത് ടൈറ്റൻസ്. 9 മത്സരങ്ങളില്‍ നാല് ജയവും അഞ്ച് തോല്‍വിയുമാണ് ശുഭ്‌മാൻ ഗില്ലിനും സംഘത്തിനുമുള്ളത്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെയ്‌ക്കാൻ സാധിക്കാതെ പോയതാണ് സീസണില്‍ ഇതുവരെയുള്ള യാത്രയില്‍ ഗുജറാത്തിന് തിരിച്ചടിയായത്.
കഴിഞ്ഞ മൂന്ന് കളിയില്‍ രണ്ടിലും തോറ്റ അവര്‍ക്ക് ഇനിയുള്ള ഓരോ മത്സരങ്ങളും ഏറെ നിര്‍ണായകമാണ്. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലര്‍ ഫോം വീണ്ടെടുത്തത് നിലവില്‍ ഗുജറാത്തിന് ആശ്വാസം. സായ് സുദര്‍ശൻ, ശുഭ്‌മാൻ ഗില്‍ എന്നിവരുടെ ബാറ്റിങ് പ്രകടനങ്ങളും ടീമിന് ഇന്ന് നിര്‍ണായകമാകും.
റാഷിദ് ഖാൻ, സായ് കിഷോര്‍, നൂര്‍ അഹമ്മദ് എന്നിവരുടെ സ്പിൻ കരുത്തില്‍ ബെംഗളൂരുവിനെ പൂട്ടാനാകും ഇന്ന് ഗുജറാത്തിന്‍റെ ശ്രമം. മലയാളി താരം സന്ദീപ് വാര്യര്‍, പേസര്‍ മോഹിത് ശര്‍മ എന്നിവരുടെ പ്രകടനവും നിര്‍ണായകം.
മറുവശത്ത്, ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് പരമാവധി പോയിന്‍റ് നേടി പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനം മെച്ചപ്പെടുത്തുക എന്നതാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ലക്ഷ്യം. വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, രജത് പടിദാര്‍, ദിനേശ് കാര്‍ത്തിക് എന്നിവരിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷകള്‍. അവസാന മത്സരത്തില്‍ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് വിമര്‍ശനം കേള്‍ക്കേണ്ടി വന്ന വിരാട് കോലി ഇന്ന് ഗുജറാത്ത് ബൗളര്‍മാരെ എങ്ങനെ നേരിടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മുഹമ്മദ് സിറാജ്, കരണ്‍ ശര്‍മ, യാഷ് ദയാല്‍ എന്നിവരുടെ പ്രകടനങ്ങള്‍ ആയിരിക്കും ബൗളിങ്ങില്‍ ആര്‍സിബിയ്‌ക്ക് നിര്‍ണായകമാകുക.
ഗുജറാത്ത് ടൈറ്റൻസ് സാധ്യത ടീം: ശുഭ്‌മാൻ ഗില്‍ (ക്യാപ്‌റ്റൻ), വൃദ്ധിമാൻ സാഹ, സായ് സുദര്‍ശൻ, അസ്‌മത്തുള്ള ഒമര്‍സായ്, ഡേവിഡ് മില്ലര്‍, ഷാരൂഖ് ഖാൻ, രാഹുല്‍ തെവാട്ടിയ, സായ് കിഷോര്‍, റാഷിദ് ഖാൻ, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, സന്ദീപ് വാര്യര്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യത ടീം: ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റൻ), വിരാട് കോലി, വില്‍ ജാക്‌സ്, രജത് പടിദാര്‍, കാമറൂണ്‍ ഗ്രീൻ, മഹിപാല്‍ ലോംറോര്‍, സുയഷ് പ്രഭുദേശായി/സ്വപ്‌നില്‍ സിങ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.