ബെംഗളൂരു : ഇന്ത്യൻ പ്രീമിയര്‍ ലീഗിന്‍റെ പതിനേഴാം പതിപ്പില്‍ താളം കണ്ടെത്താൻ വിഷമിക്കുകയാണ് ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെൻ മാക്‌സ്‌വെല്‍. ഈ വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മികവിലേക്ക് ഉയരാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടില്ല. ഐപിഎല്ലിലെ എട്ട് മത്സരങ്ങളിലെ ഏഴ് ഇന്നിങ്‌സില്‍ നിന്നും 5.14 ശരാശരിയില്‍ 36 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്‍ നേടിയിട്ടുള്ളത്.
സീസണിന്‍റെ തുടക്കം മുതല്‍ തന്നെ മികവിലേക്ക് ഉയരാൻ താരത്തിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെ താരം മാനസികാരോഗ്യം ചൂണ്ടിക്കാട്ടി ആര്‍സിബിയുടെ ഏതാനും ചില മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്‌തതാണ്. എന്നാല്‍, ടീമിലേക്കുള്ള തിരിച്ചുവരവിലും താരത്തിന് മികവിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല.
ഇടവേളയ്‌ക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ട് മത്സരങ്ങളിലും ആര്‍സിബിയുടെ പ്ലേയിങ് ഇലവനില്‍ ഗ്ലെൻ മാക്‌സ്‌വെല്‍ ഇടം പിടിച്ചിരുന്നു. അഹമ്മദാബാദില്‍ വില്‍ ജാക്‌സും വിരാട് കോലിയും തകര്‍ത്തടിച്ച മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ ലഭിച്ച അവസരം മുതലെടുക്കാനും താരത്തിനായില്ല.
മത്സരത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്കായി ഫാഫ് ഡുപ്ലെസിസും വിരാട് കോലിയും ചേര്‍ന്ന് 5.5 ഓവറില്‍ ഒന്നാം വിക്കറ്റില്‍ 92 റണ്‍സാണ് നേടിയത്. ഡുപ്ലെസിസ് പുറത്തായതിന് പിന്നാലെ വില്‍ ജാക്‌സും രജത് പടിദാറും അതിവേഗം മടങ്ങിയതോടെ അഞ്ചാം നമ്പറിലാണ് ഗ്ലെൻ മാക്‌സ്‌വെല്‍ ക്രീസിലെത്തിയത്.
മറുവശത്ത് വിരാട് കോലി നില്‍ക്കെ വമ്പൻ അടിക്ക് ശ്രമിച്ച മാക്‌സ്‌വെല്‍ നേരിട്ട മൂന്നാം പന്തില്‍ നാല് റണ്‍സുമായി ഡേവിഡ് മില്ലറിന് ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. ഇതിന് പിന്നാലെ മാക്‌സ്‌വെല്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ താരം പാര്‍ഥിവ് പട്ടേല്‍ രംഗത്തെത്തി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍ റേറ്റഡ് കളിക്കാരാനാണ് ഗ്ലെൻ മാക്‌സ്‌വെല്‍ എന്ന് പാര്‍ഥിവ് എക്‌സില്‍ കുറിച്ചു.
2012ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച 36കാരനായ താരം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് എത്തുന്നതിന് മുന്‍പ് മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായാണ് കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ ഇതുവരെ 132 മത്സരങ്ങളില്‍ നിന്നും 25.05 ശരാശരിയില്‍ 2755 റണ്‍സാണ് മാക്‌സ്‌വെല്ലിന് നേടാനായിട്ടുള്ളത്. ഇതില്‍ 18 ഇന്നിങ്‌സുകളില്‍ മാത്രമാണ് താരം അര്‍ധസെഞ്ച്വറി അടിച്ചിട്ടുള്ളത്.
2014ല്‍ പഞ്ചാബ് കിങ്‌സിനായിട്ടാണ് ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം താരം കാഴ്‌ചവച്ചത്. പഞ്ചാബ് ഫൈനലിസ്റ്റുകളായ ആ വര്‍ഷം 16 കളിയില്‍ 552 റണ്‍സായിരുന്നു മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത്. പിന്നീട് പഞ്ചാബിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്‌ചവയ്‌ക്കാൻ സാധിക്കാതിരുന്ന താരത്തെ 2021ല്‍ ആയിരുന്നു ആര്‍സിബി സ്വന്തമാക്കുന്നത്.
ആ വര്‍ഷം ആര്‍സിബിക്കായി 15 കളിയില്‍ നിന്നും 513 റണ്‍സ് താരം നേടി. അടുത്ത സീസണിലെ 13 കളിയില്‍ 301റണ്‍സും കഴിഞ്ഞ വര്‍ഷം 14 കളിയില്‍ നിന്നും 400 റണ്‍സുമാണ് മാക്‌സ്‌വെല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി നേടിയത്.